കൺസ്യൂമർ ഫെഡ് അഴിമതി; മുൻ എം.ഡി റിജി നായരെ സസ്പെൻഡ് ചെയ്തു

single-img
3 June 2015

riji-nairതിരുവനന്തപുരം: കൺസ്യൂമർ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ എം.ഡി റിജി നായരെ സസ്പെൻഡ് ചെയ്തു. റിജിയെ കൂടാതെ ചീഫ് മാനേജരും പർച്ചേസ് കമ്മിറ്റി ചെയർമാനുമായ ആർ.ജയകുമാറിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കൺസ്യൂമർ ഫെഡിലെ അരി, പലവ്യഞ്ജന, മദ്യ ഇടപാടിൽ 60 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ ഇരുവരേയും സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വിജിലൻസ് നൽകിയിരുന്നെങ്കിലും ആഭ്യന്തര വകുപ്പ് ഇതുവരെ നടപടി എടുത്തിരുന്നില്ല.

പിന്നാലെ റിജി നായരെ സഹകരണ അക്കാദമി ഒഫ് പ്രൊഫഷണൽ എജ്യുക്കേഷൻ (കേപ്) ഡയറക്ടറായി നിയമിക്കുകയും ചെയ്തു. അതിനിടെ, ഈ കേസിലെ തുടരന്വേഷണം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പിന്നീട് കേപ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവായ റിജിയെ മാതൃസ്ഥാപനമായ ജലസേചന വകുപ്പിൽ നിയമിക്കുകയായിരുന്നു. ഇപ്പോൾ കല്ലട ഇറിഗേഷൻ പ്രോജക്ടിൽ എക്‌സിക്യൂട്ടിവ് എഞ്ചിനിയറാണ് റിജി. ജയകുമാർ പഴയ പദവിയിലും തുടരുന്നു.