പാകിസ്ഥാനെ പാഠം പഠിപ്പിയ്ക്കാൻ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ലംഘിക്കണമെന്ന് ശിവസേനയുടെ ഉപദേശം

single-img
3 June 2015

shivaമുംബൈ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ലംഘിയ്ക്കണമെന്ന് ഉപദേശവുമായി ശിവസേന രംഗത്ത്. പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ അവരെ ഒരു പാഠം പഠിപ്പിയ്ക്കണം എന്നാണ് ആവശ്യം. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. 2013 ല്‍ പാകിസതാന്‍ 347 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 2014 ല്‍ ഇത് 562 തവണ ആയി ഉയര്‍ന്നു എന്നാണ് വിമര്‍ശനം.

ഇന്ത്യ ശക്തമായ തിരിച്ചടികള്‍ കൊടുത്താലെ പാകിസ്ഥാന്‍ അടങ്ങുകയുള്ളൂ. പാകിസ്ഥാനെ പോലുള്ള ഒരു ചെറിയ രാജ്യം വെടി നിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിയ്ക്കുന്നുണ്ടെങ്കില്‍ അവരുടെ വളഞ്ഞ വാല്‍ നേരെയാക്കാന്‍ ഇന്ത്യ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിയ്ക്കുന്നതില്‍ ഒരു തെറ്റും ഇല്ല. അടുത്ത ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നിരന്തരമായി വെടി നിര്‍ത്തല്‍ ലംഘിയ്ക്കുന്ന സാഹചര്യത്തിലാണ് സാമ്‌നയില്‍ ഇത് സംബന്ധിച്ച് ലേഖനം വന്നത്.

പാകിസ്ഥാന്‍ അതിഭീകരമായ തകര്‍ച്ച നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായം മാത്രം കൊണ്ടാണ് അവര്‍ പിടിച്ചു നില്‍ക്കുന്നത്. ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി വളര്‍ത്തിയ തീവ്രവാദം ഇപ്പോള്‍ അവര്‍ക്ക് തന്നെ ദോഷമായി വന്നിരിയ്ക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.