കേരളത്തെ ട്രോളിംഗ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയില്ല; ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ നിയമ ലംഘന സമരം

single-img
3 June 2015

prathapan1തൃശൂര്‍: കേരളത്തെ ട്രോളിംഗ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച നിയമ ലംഘന സമരം നടത്തും. കേരള പ്രദേശ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് അധ്യക്ഷനായ ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികള്‍ 12 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍പ്പോയി മത്സ്യ ബന്ധനം നടത്തി സമരം ചെയ്യും.

കടലിൽ പണിയെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഒരു നിയമവും റൂളും അനുവദിക്കില്ലെന്നാണ് അവരുടെ പ്രഖ്യാപനം. തൃശൂര്‍ ചേറ്റുവയില്‍ നിന്ന് രാവിലെ എട്ടുമണിയ്ക്കാണ് പ്രതിഷേധക്കാര്‍ നിയമ ലംഘനസമരത്തിന് പുറപ്പെട്ടത്. അതേസമയം ട്രോളിംഗ് നിരോധനം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേന്ദ്രകൃഷി മന്ത്രി രാധാമോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അതേ ഉത്തരവാണ് എന്‍ ഡി എ സര്‍ക്കാരും  പിന്തുടരുന്നതെന്നും  പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരദേശ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം അടുത്തുതന്നെ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം നടത്താന്‍ അനുവദിക്കണമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം പുനപരിശോധിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.