സുനന്ദ പുഷ്കറിന്റേത് സ്വാഭാവിക മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദമുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തൽ

single-img
3 June 2015

Sunanda-Pushkarന്യൂഡല്‍ഹി:  ശശി തരൂർ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍െറത് സ്വാഭാവിക മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഘത്തിലെ ഡോക്ടര്‍ ആദര്‍ശ്കുമാര്‍ വെളിപ്പെടുത്തി. ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.കെ.സി. മിശ്ര സമ്മര്‍ദം ചെലുത്തിയെന്നാണ് ഡോ. ആദര്‍ശ്കുമാര്‍ പറയുന്നത്. ഇക്കാര്യം അറിയിച്ച് അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദക്ക് കത്തും നല്‍കി. അതേസമയം, പുതിയ വെളിപ്പെടുത്തല്‍ എയിംസ് അധികൃതര്‍ തള്ളി.

ആദര്‍ശ് കുമാറിന്‍െറ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ഒരു തരത്തിലുള്ള സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ വിശദീകരിച്ചു. സ്വാഭാവിക മരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന് എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്തയും നേരത്തേ വെളിപ്പെടുത്തിയിരുന്നു.

അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂര്‍ എന്നിവര്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു സുധീര്‍ ഗുപ്ത പറഞ്ഞത്. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഡോ. ആദര്‍ശ് കുമാര്‍, ഡോ. ശശാങ്ക് പുനിയ എന്നിവരടങ്ങിയ സംഘമാണ് സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

സുനന്ദയുടേത് അസ്വാഭാവിക മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നീട്, ആന്തരിക അവയവങ്ങളുടെ പരിശോധന ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ സംഭവം കൊലപാതകമാണെന്ന് പൊലീസ് വിലയിരുത്തി. ഇതേതുടര്‍ന്ന് കൊലക്കുറ്റത്തിന് കേസെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ സംശയത്തില്‍ നിര്‍ത്തുന്ന പൊലീസ് ഇവരെ പലതവണ ചോദ്യം ചെയ്തു. തരൂരിനെയും നുണ പരിശോധന നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ധിപ്പിച്ച് പുതിയ വെളിപ്പെടുത്തല്‍.