എകെ 47 തോക്കുമായി കോടതിക്കുള്ളിലെത്തിയ അജ്ഞാതസംഘം ഗുണ്ടാത്തലവനേയും കൂട്ടാളികളേയും വെടിവെച്ചു കൊലപ്പെടുത്തി

single-img
3 June 2015

2532_LuckyOliver-4685135-blog-firing_gunഹസാരിബാഗ്: എകെ 47 തോക്കുമായി കോടതിക്കുള്ളിലെത്തിയ ഗുണ്ടാസംഘം നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ജാര്‍ഖണ്ഡിലെ ഹസാരിബാദ് കോടതിക്കുള്ളിൽ വെച്ചായിരുന്നു സംഭവം. അക്രമികള്‍ 30 റൗണ്ട് വെടിവെച്ചതായാണ് സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചന. ഗുണ്ടാത്തലവന്‍ സുശീല്‍ ശ്രീവാസ്തവയുടെ നേർക്കായിരുന്നു ആക്രമണം. വെടിയേറ്റ സുശീലും കൂട്ടാളികളിൽ ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സുശീല്‍ ജയിലില്‍ കഴിയുകയാണ്. കേസിന്റെ വിചാരണയ്ക്കായാണ് കോടതിയിലെത്തിയത്.  കോടതിക്കുള്ളില്‍ രണ്ടുപേരാണ് തോക്കുമായെത്തിയതു. കോടതിക്കുള്ളില്‍ മതിയായ സുരക്ഷയുണ്ടായിരുന്നില്ല. അതേസമയം, അക്രമികള്‍ മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.

ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിവരം. കിഷോര്‍ പാണ്ഡെ എന്നറിയപ്പെടുന്നയാളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറയുന്നു. വെടിവെപ്പിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.