റോഹിന്‍ഗ്യാ മുസ്ലിങ്ങൾക്ക് മ്യാന്മര്‍ പൗരത്വം നല്‍കി അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കണം- അമേരിക്ക

single-img
2 June 2015

Rohingyanക്വാലാലംപൂര്‍: റോഹിന്‍ഗ്യാ മുസ്ലിങ്ങൾക്ക് മ്യാന്മര്‍ പൗരത്വം നല്‍കാതെ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍ റിച്ചാര്‍ഡ്. വംശീയ പീഡനത്തെ തുടര്‍ന്ന് കടല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളെ മറ്റു രാജ്യങ്ങള്‍ പുനരധിവസിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് അത് പ്രോത്സാഹനമാകും.

മുഴുവന്‍ റോഹിന്‍ഗ്യാ മുസ്ലിംകള്‍ക്കും അമേരിക്കയില്‍ അഭയംനല്‍കിയാല്‍ സ്വന്തം രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും നാടുവിടാന്‍ പ്രേരണയാകും. അതുകൊണ്ട് അഭയാര്‍ത്ഥി പ്രതിസന്ധി സമാധാനപരമായി പരിഹരിക്കുന്നതിന് റോഹിന്‍ഗ്യാ മുസ്ലിംകള്‍ക്ക് മ്യാന്മര്‍ പൗരത്വംനല്‍കുക മാത്രമാണ് ഏക പോംവഴിയെന്ന് ആന്‍ റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടി.

മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ റോഹിന്‍ഗ്യകള്‍ ഭീകരമായ പീഡനവും അടിച്ചമര്‍ത്തലുമാണ് നേരിടുന്നത്. അവര്‍ക്ക് പൗരത്വമില്ല. അവരുടെ മനുഷ്യാവകാശ പ്രശ്‌നത്തില്‍ അമേരിക്കക്ക് ആശങ്കയുണ്ട്. ഭൂമിയില്‍ ഒരിടത്തും അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല. ബന്ധപ്പെട്ട രാജ്യങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും ആന്‍ പറഞ്ഞു.

കഴിഞ്ഞ മാസം മ്യാന്മറില്‍നിന്നുള്ള 4600 അഭയാര്‍ത്ഥികളെ കടലില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവര്‍ക്ക് മലേഷ്യയും ഇന്തോനേഷ്യയും താല്‍ക്കാലിക അഭയം നല്‍കിയിട്ടുണ്ട്.