ഇടതുമുന്നണി വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
2 June 2015

umman-chandy_2_2011-12-29-01-12-54-lതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടതുമുന്നണി രംഗത്തുവന്നിരിക്കുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്ന് സര്‍ക്കാരുകളുടെ കാലത്ത് നാലു തവണ പരാജയപ്പെട്ട ടെണ്ടര്‍ നടപടി കരയ്ക്കടുമെന്നായപ്പോള്‍ പദ്ധതിക്കെതിരെ രംഗത്തുവരുന്നതില്‍ ദുരൂഹതയുണ്ട്. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്നതാണ് വിഴിഞ്ഞം പദ്ധതിയുടെ അവസ്ഥയെന്ന് ഇടതുമുന്നണി ഓര്‍ക്കണം.

ഇടതുസര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതിനേക്കാള്‍ എന്തുകൊണ്ടും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ വ്യവസ്ഥകളാണ് ഇപ്പോഴുള്ളത്. പദ്ധതി തുടങ്ങി ഏഴാംവര്‍ഷം മുതല്‍ സംസ്ഥാനത്തിന് വരുമാനം കിട്ടിത്തുടങ്ങുമെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.

ഇടതുസര്‍ക്കാറിന്‍െറ കാലത്തെ നിബന്ധനകള്‍ പ്രകാരം 30 വര്‍ഷത്തേക്ക് ഒരു വരുമാനവും സര്‍ക്കാറിന് ലഭിക്കില്ലെന്നിരിക്കെയാണ് പുതിയ ടെന്‍ഡര്‍ പ്രകാരം 19 വര്‍ഷത്തിനുശേഷമെ ഒരു ശതമാനം തുക വരുമാനമായി സര്‍ക്കാറിന് ലഭിക്കുകയുള്ളൂവെന്ന് കുറ്റപ്പെടുത്തുന്നത്. എന്നാല്‍, പുതിയ വ്യവസ്ഥപ്രകാരം ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിന് വരുമാനം ലഭിക്കും.

ബഹുഭൂരിപക്ഷം നിര്‍മാണപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെലവില്‍ നടത്തിയശേഷം സ്വകാര്യപങ്കാളിക്ക് ഗ്രാന്‍ഡ് നല്‍കി സംസ്ഥാനത്തിന് ഒരു വരുമാനവിഹിതവുമില്ലാതെ 30 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കുന്നതാണോ, കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്‍റ് പ്രകാരം ഏഴാംകൊല്ലം മുതല്‍ വരുമാനം ലഭിച്ചുതുടങ്ങുന്ന മോഡലാണോ നല്ലതെന്ന് ജനം വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പതിനഞ്ചാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയില്‍ 40 ശതമാനം വരെ റവന്യൂ വരുമാനം സര്‍ക്കാറിന് ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് പദ്ധതിയെ ഇല്ലായ്മ ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.