മദ്രാസ് ഐ.ഐ.ടിക്ക് പുറത്ത് വിദ്യാർത്ഥിപ്രതിഷേധം; നൂറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു

single-img
2 June 2015

iitചെന്നൈ: മദ്രാസ് ഐ.ഐ.ടിക്ക് പുറത്ത് നടന്ന വിദ്യാർത്ഥിപ്രതിഷേധത്തിൽ പങ്കെടുത്ത നൂറോളംപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കാമ്പസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥി സംഘടനകളും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഇതിനെ തുടർന്നാണ് പ്രദേശിക വിദ്യാര്‍ത്ഥി സംഘടനയായ ആര്‍.വൈ.എസ്.എഫിന്റെ നൂറോളം വരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കാമ്പസിനുള്ളില്‍ കടക്കാന്‍ മാധ്യമ പ്രവര്‍ത്തകരെയും പോലീസ് അനുവദിച്ചില്ല. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളെ ഐഐടി അധികൃതര്‍ പിന്നീട് ചര്‍ച്ചയ്ക്ക് വിളിച്ചു.

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചുവെന്ന് കാണിച്ച്  20 വിദ്യാർത്ഥികളടങ്ങുന്ന അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന സംഘടനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഐ.ഐ.ടിയുടെ പേര് ഉപയോഗിച്ചതടക്കമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരോപണങ്ങൾ എ.പി.എസ്.സി നിഷേധിച്ചിരുന്നു. ഡി.എം.കെയുടെ വിദ്യാര്‍ത്ഥി സംഘടനയും ഡി.വൈ.എഫ്.ഐയുമടക്കം നിരവധി സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാമ്പസിനുമുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

പ്രതിഷേധപ്രകടനം ശക്തമായതിനൊടുവിൽ ഐ.ഐ.ടി അധികൃതർ വിദ്യാർത്ഥി സംഘടനയെ ഒത്തുതീർപ്പ് ചർച്ച ക്ഷണിക്കാൻ നിർബന്ധിതരായി. ഡി.എം.കെ, വി.സി.കെ തുടങ്ങിയ പ്രദേശിക പാർട്ടികൾക്കൊപ്പം കോൺഗ്രസും വിഷയം രാഷ്ട്രിയപരമായി ഏറ്റെടുത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി സ്മ‌തി ഇറാനിക്കെതിരെ മുംബയ്, കൊൽക്കത്ത, ഡൽഹി നഗരങ്ങളിലും പ്രകടനങ്ങൾ വ്യാപിച്ചിരുന്നു.

ബോംബെ ഐ.ഐ.ടി വിദ്യാർത്ഥി പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വന്തമായി വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.  ഡൽഹി ഐ.ഐ.ടി അംബേദ്ക്കർ പെരിയാർ എന്ന പേരിൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള പ്രതിഷേധത്തിന് ആക്കംകൂട്ടി പ്രത്യേകം ഫേസ് ബുക്ക് പേജുകളിലൂടെ കാൺപൂർ ഐ.ഐ.ടി, കൊൽക്കത്ത-ജധാവ്പൂർ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളും രംഗത്തുണ്ട്.