വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന്‌ യാത്രക്കാരന്‍ പുകവലിച്ചു; വിമാനം 6 മണിക്കൂർ വൈകി

single-img
2 June 2015

planeഷാങ് ഹായ്‌: ചൈനീസ് വിമാന കമ്പനിയായ സതേണ്‍ എയര്‍ലൈന്‍സിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന്‌ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടർന്ന് വിമാനം 6 മണിക്കൂർ വൈകി. ശനിയാഴ്‌ചയാണ്‌ സംഭവം നടന്നത്‌. ജപ്പാന്‍കാരനായ യാത്രക്കാരനാണ്‌ ഷെന്‍സണില്‍ നിന്ന്‌ ഷാങ് ഹായിലേക്കുളള വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന്‌ പുകവലിച്ചത്‌. ഇയാള്‍ ടോയ്‌ലറ്റില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍ സിഗരറ്റിന്റെ അസഹ്യമായ ഗന്ധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഒരു സഹയാത്രികനാണ്‌ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.

വിമാനം പറന്നുയരുന്നതിന്‌ അര മണിക്കൂര്‍ മുമ്പായിരുന്നു സംഭവം. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ ടോയ്‌ലറ്റ്‌ പുകകൊണ്ട്‌ നിറഞ്ഞിരുന്നതായി കണ്ടെത്തി. യാത്രക്കാരന്‍ സിഗരറ്റ്‌ കത്തിക്കാനുപയോഗിച്ച തീപ്പെട്ടി കൂടി ലഭിച്ചതോടെ അധികൃതര്‍ അങ്കലാപ്പിലായി. വിമാനത്തില്‍ പുക നിറയുമ്പോഴുളള മുന്നറിയിപ്പ്‌ സംവിധാനം പ്രവര്‍ത്തിച്ചില്ലെന്ന്‌ മാത്രമല്ല, സുരക്ഷാ ക്രമീകരണങ്ങൾ താണ്ടി തീപ്പെട്ടി വിമാനത്തിനകത്തേക്ക്‌ അനായാസം കടത്തിയെന്നുള്ളത് അധികൃതരെ ഞെട്ടിച്ചു.

ജപ്പാന്‍കാരനായ യാത്രക്കാരന്‍ കുറ്റസമ്മതം നടത്തി. വിമാനം അനന്തമായി വൈകുന്നതിനെ തുടര്‍ന്ന്‌ യാത്രക്കാര്‍ ഇടപെട്ട്‌ ഇയാളെക്കൊണ്ട്‌ പരസ്യമായി മാപ്പുപറയിച്ച്‌ പ്രശ്‌നം ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും പൈലറ്റ്‌ വഴങ്ങിയില്ല. ഉച്ചയ്‌ക്ക് രണ്ട്‌ മണിക്ക്‌ പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി എട്ട്‌ മണിക്കാണ്‌ പറന്നുയര്‍ന്നത്‌. പുഡോങ്ങ്‌ വിമാനത്താവളത്തിലെത്തിയച്ച ശേഷം സുരക്ഷാ ലംഘനം നടത്തിയ യാത്രക്കാരനെക്കൊണ്ട്‌ പോലീസിന്‌ മാപ്പപേക്ഷ എഴുതിച്ച ശേഷമാണ്‌ വിട്ടയച്ചത്‌.