സമന്‍സ് ലഭിച്ച ശേഷം കോടതികളില്‍ ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍

single-img
2 June 2015

Mr. T.P Senkumar IPSതിരുവനന്തപുരം: കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി കോടതികളില്‍ ഹാജരാകണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍.

സമന്‍സ് ലഭിച്ച ശേഷം കോടതികളില്‍ ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം സര്‍ക്കുലറില്‍ മുന്നറിയിപ്പു നല്‍കി. കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചാല്‍ പല ഉദ്യോഗസ്ഥരും ക്രമസമാധാന പ്രശ്‌നമോ മറ്റോ കാണിച്ചു കോടതിയില്‍ ഹാജരാകാതിരിക്കുന്ന പ്രവര്‍ണതക്കെതിരെയാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍.

ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നത് :

കോടതിയില്‍ നിന്നും സമന്‍സ് കിട്ടിയാല്‍ ആദ്യ സമന്‍സിന്റെ തീയതിയില്‍ തന്നെ ഹാജരാകാണം. തീവ്രമായ രോഗം, രാഷ്ട്രപതി പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ സന്ദര്‍ശനം, തിരഞ്ഞെടുപ്പു തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലൊഴികെ കോടതിയില്‍ ഹാജരാകാതിരിക്കരുത്.

കോടതിയില്‍ ഹാജരാകേണ്ട ഉദ്യോഗസ്ഥന്റെ അധികാര പരിധിയില്‍ എന്തെങ്കിലും ക്രമസമാധാനപ്രശ്‌നം ഉണ്ടായാല്‍ മേലധികാരികളെ അറിയിച്ചു വേണ്ട ക്രമീകരണം വരുത്തണം.

സമന്‍സ് ലഭിച്ചശേഷം ഹാജരാകാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ എഎസ്‌ഐ വരെയുള്ളവര്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ റേഞ്ച് ഐജിയുടെ അനുമതിയും വാങ്ങിയിരിക്കണം.

ഇതിനു പുറമെ കേസ് അന്വേഷിച്ചു കോടതിയില്‍ കുറ്റപ്പത്രം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി തെളിവു നല്‍കണമെന്നും കോടതിയെ സഹായിക്കുന്ന തരത്തില്‍ കൃത്യനിര്‍വഹണം നടത്തണമെന്നും ഡിജിപി വ്യക്തമാക്കി. അടിയന്തര ഘട്ടത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനു കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട കോടതിയെ നേരത്തെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.