സ്വന്തം പോലീസിനെ ഉപയോഗിക്കാൻ കഴിയില്ല; ഡൽഹി സർക്കാർ ബീഹാര്‍ പോലീസിനെ കടമെടുക്കുന്നു

single-img
2 June 2015

22-1421929754-arvind-kejriwalന്യൂഡല്‍ഹി: ഡല്‍ഹി ആപ്പ് സര്‍ക്കാര്‍ ബീഹാര്‍ പോലീസിനെ കടമെടുക്കുന്നു. സ്വന്തം പോലീസ് കേന്ദ്രസര്‍ക്കാരിന്‌ കീഴിലായതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി) ഉണ്ടാക്കാനാണ് ബീഹാര്‍ പോലീസിനെ കടമെടുക്കുന്നത്‌. കെജ്രിവാളും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും ചേര്‍ന്ന്‌  ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ഒരു ഡപ്യൂട്ടി സൂപ്രണ്ടിനെയും ഇന്‍സ്‌പെക്‌ടര്‍മാരും സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍മാരുമായി അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പോലീസ്‌ ഉന്നതരെ ഡല്‍ഹി സര്‍ക്കാരിന്‌ ബീഹാര്‍ വിട്ടുകൊടുക്കും. ആദ്യഘട്ടം എന്ന നിലയിലാണ്‌ ഇവര്‍ വരുന്നത്‌.

പിന്നീട്‌ വിപുലീകരിക്കുന്ന സമിതിയില്‍ കൂടുതല്‍ ഉദ്യോഗസ്‌ഥരെ ബീഹാറില്‍ നിന്നും കൊണ്ടുവരും. ഡിഎസ്‌പി ബീഹാറിലെ അര്‍വാള്‍ ജില്ലയുടെ മേല്‍നോട്ടം വഹിക്കുന്ന സജ്‌ഞയ്‌ ഭാരതിയാണ്‌. ഡല്‍ഹിയില്‍ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോരാട്ടം സുപ്രീംകോടതിയില്‍ എത്തിനില്‍ക്കേയാണ്‌ കെജ്രിവാള്‍ അഴിമതി വിരുദ്ധ സമിതിക്കായി ബീഹാറില്‍ നിന്നും ഉദ്യോഗസ്‌ഥരെ തേടിയിരിക്കുന്നത്‌.

കേന്ദ്രത്തിന്‌ കീഴില്‍ വരുന്ന പ്രദേശങ്ങളിലെ സര്‍ക്കാരിന്‌ എസിബി യ്‌ക്കായി മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരെ ഉപയോഗിക്കാമെന്ന പ്രത്യേക നിയമമാണ്‌ ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോ ഉപദേശമോ തേടാതെയാണ്‌ ഡല്‍ഹി സര്‍ക്കാര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്‌. അതുപോലെ തന്നെ ലഫ്‌നന്റ്‌ ഗവര്‍ണറേയും അറിയിച്ചിട്ടില്ല. കെജ്രിവാളിന്റെയും നിതീഷിന്റെയും സംയുക്‌ത നീക്കം പാറ്റ്‌നയേയും ഞെട്ടിച്ചിരിക്കുകയാണ്‌.