പ്ലസ് ടു പരീക്ഷ അമ്മയും മകനും ഒരുമിച്ച് എഴുതി; റിസൾട്ട് വന്നപ്പോൾ അമ്മക്ക് മകനേക്കാള്‍ കൂടുതൽ മാർക്ക്

single-img
1 June 2015

Nayanmoni--Ankoorഗുവഹത്തി: പ്ലസ് ടു പരീക്ഷ അമ്മയും മകനും ഒരുമിച്ച് എഴുതി. റിസൾട്ട് വന്നപ്പോൾ അമ്മക്ക് മകനേക്കാള്‍ കൂടുതൽ മാർക്ക്. കിഴക്കന്‍ അസമിലെ ദിബ്രൂഗാര്‍ഹ് ജില്ലയിലാണ് സംഭവം. മകന്റെ ഒപ്പം പ്ലസ്ടു പരീക്ഷയെഴുതിയ മുപ്പത്തിയേഴുകാരിയായ നയന്‍മോനി ബേസ്ബാറിന് ഫസ്റ്റ് ഡിവിഷനും മകന്‍ അങ്കുറിന് (18) തേഡ് ഡിവിഷനുമാണ് ലഭിച്ചത്. ആര്‍ട്ട്‌സ് പരീക്ഷയില്‍ 69.8 ശതമാനം മാര്‍ക്കും സോഷ്യോളജിയില്‍ 80 ശതമാനത്തിന് മുകളിലും മാര്‍ക്ക് വാങ്ങിയ നയന്‍മോനിക്ക് തന്റെ ഇഷ്ട വിഷയമായ അസാമി സാഹിത്യത്തിന് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുള്ള നയന്‍മോനിയുടെ മൂത്ത മകനാണ് അങ്കുര്‍.

പച്ചക്കറി വിറ്റ് ഉപജീവനം നയിക്കുന്ന കുടുംബമാണ് ഇവരുടേത്. പിതാവിനൊപ്പം പച്ചക്കറി വില്‍ക്കാന്‍ അങ്കുറും സഹായിക്കാറുണ്ട്. തന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നയന്‍മോനിക്ക് മകന് മാര്‍ക്ക് കുറഞ്ഞതില്‍ ചെറിയ വേദനയുമുണ്ട്.

അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമാണ് നയന്‍മോനിയുടെ വിജയത്തിന് കാരണമെന്ന് ഇവര്‍ പരീക്ഷ എഴുതിയ ഖോവാങ് പിതുംബോര്‍ ഗേള്‍സ് എച്ച്.എസിലെ പ്രിന്‍സിപ്പള്‍ പറഞ്ഞു. അമ്മയ്ക്കുള്ള പ്രചോദനം മകന് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മക്കള്‍ ഉറങ്ങിയശേഷമാണ് നയന്‍മോനി പഠിച്ചിരുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ഉണര്‍ന്ന് വീട്ട് ജോലികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തന്റെ ഗ്രാമമായ ദിഖൗകിനര്‍ ചാഘ്‌മൈഗോണില്‍ നിന്നും 12 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ്  പട്ടണത്തിലുള്ള സ്‌കൂളിലേക്ക് നയന്‍മോനി പോയിരുന്നത്. മഴക്കാലത്ത് ഇവിടേയ്ക്ക് പോകാന്‍ സാധിക്കാറില്ല.

പതിനെട്ടാം വയസില്‍ വിവാഹിതയായ നയന്‍മോനിക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഗ്രാമത്തിലെ സ്‌കൂളില്‍ മക്കളെ കൊണ്ടുവിടാന്‍ സ്ഥിരമായി പോയിരുന്ന നയന്‍മോനി അവിടെ നടക്കുന്ന എല്ലാ സാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു. വീണ്ടും പഠിക്കാന്‍ പ്രേരണയായത് മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരുടെ പ്രോത്സാഹനമാണ്. 2013ല്‍ എസ്.എസ്.എല്‍.സി പരീക്ഷ ഒരുമിച്ച് എഴുതിയ അമ്മയും മകനും  സെക്കന്റ് ഡിവിഷന്‍ നേടുകയും ചെയ്തിരുന്നു.

പ്ലസ് വണ്‍ പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്കാണ് നയന്‍മോനി കരസ്ഥമാക്കിയത്. അവരുടെ ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണിത്. ഇവർക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ ഇവരുടെ രണ്ടാം വര്‍ഷത്തെ ഫീസ് വേണ്ടെന്ന് വെയ്ക്കുകയും സൗജന്യമായി പുസ്തകങ്ങളും, കോച്ചിംങും നല്‍കുകയുമായിരുന്നു.

പഠിത്തത്തില്‍ മാത്രമല്ല കവിതകള്‍ എഴുതുന്നതിലും നയന്‍മോനി മിടുക്കിയാണ്. തുടര്‍ന്നും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന നയന്‍മോനിക്ക് കൂടുതല്‍ അറിവ് ആര്‍ജ്ജിക്കണമെന്ന മോഹവുമുണ്ട്.