ക്യാപ്റ്റന്‍ സൗരബ് കാലിയയുടെ കാര്യത്തിൽ മോദി സർക്കാർ സ്വീകരിക്കുന്നത് യുപിഎ സര്‍ക്കാരിന്റെ അതേ നിലപാട്; കാലിയയ്ക്ക് നീതി ലഭിക്കാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍

single-img
1 June 2015

sauravദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന്‍റെ ക്രൂരതയ്ക്കിരയായി മരിച്ച ക്യാപ്റ്റന്‍ സൗരബ് കാലിയയ്ക്ക് നീതി കിട്ടാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവാദമാകുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജീവ് ചന്ദ്രശേഖര്‍ എംപിക്ക് നല്കിയ മറുപടിയിലാണ് സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാടിനെതിരെ സൗരബ് കാലിയയുടെ പിതാവ് രംഗത്തെത്തി.

കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്ഥാന്‍ സേനയുടെ പിടിയിലായ ക്യാപ്റ്റന്‍ സൗരബ് കാലിയയേയും അഞ്ച് ഇന്ത്യന്‍ സൈനികരും ക്രൂരപീഢനത്തിനാണ് ഇരകളായത്. ഇവരുടെ മൃതദ്ദേഹം ഇരുപത്തഞ്ച് ദിവസത്തിനു ശേഷം കൈമാറുമ്പോള്‍ ക്യാപ്റ്റന്‍ സൗരബ് കാലിയയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു.

ജനീവാ പ്രഖ്യാപനത്തിനു വിരുദ്ധമായി പെരുമാറിയ പാകിസ്ഥാന്‍ സേനാംഗങ്ങള്‍ക്കെതിരെ രാജ്യാന്തര അന്വേഷണം വേണമെന്നും ഇവരെ യുദ്ധകുറ്റവാളികളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സൗരബ് കാലിയയുടെ പിതാവ് സര്‍ക്കാരിനെ സമീപിച്ചിട്ട് ഒരു പതിറ്റാണ്ടായി. ഇക്കാര്യത്തില്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് യുപിഎ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്. അതേ നിലപാടാണ് ഇപ്പോൾ മോദി സർക്കാരും കൈക്കൊണ്ടിരിക്കുന്നത്.

വിദേശകാര്യസഹമന്ത്രി ജനറല്‍ വികെ സിംഗ് അടുത്തിടെ രാജീവ് ചന്ദ്രശേഖര്‍ എംപിക്ക് രേഖാമൂലം നല്കിയ മറുപടിയില്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതു കൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയിലും മനുഷ്യാവകാശ സമിതിയിലും ഇക്കാര്യത്തില്‍ പ്രമേയം കൊണ്ടുവന്നിരുന്നു എന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാട് മോദി സര്‍ക്കാരും ആവര്‍ത്തിക്കുന്നതില്‍ ദുഖമുണ്ടെന്ന് സൗരബ് കാലിയയുടെ പിതാവ് എന്‍ കെ കാലിയ വ്യക്തമാക്കി.