കേരളത്തിലെ കുട്ടികളിൽ 74 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരെന്ന് പഠനം; ഇന്ത്യയില്‍ ഒരുവര്‍ഷം പുകയിലജന്യ രോഗങ്ങള്‍കൊണ്ട് 10 ലക്ഷം ആളുകള്‍ മരിക്കുന്നു

single-img
31 May 2015

smoking_damageshousesalesതൃശ്ശൂര്‍: കേരളത്തിലെ കുട്ടികളിൽ 74 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരെന്ന് പഠനം. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ദേശീയ മയക്കുമരുന്നു ചികിത്സാകേന്ദ്രവും ചേര്‍ന്ന് കുട്ടികളിലെ പുകയില ഉപയോഗം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. പുകയില്ലാത്ത പുകയില ഉപയോഗമാണ് കുട്ടികളില്‍ വര്‍ദ്ധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

ആദ്യമായി പുകയില ഉപയോഗിക്കുന്ന പ്രായം 19 ല്‍നിന്ന് 13 ആയി കുറഞ്ഞു. വിദ്യാലയ പരിസങ്ങള്‍ ഉള്‍പ്പെടെ പുകവലി നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു നടപ്പാകുന്നില്ല. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കരുതെന്ന് നിയമമുണ്ടെങ്കിലും കുട്ടികളുടെ കൈയില്‍ ഇത് ധാരാളമായി എത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളാണ് കൂടുതല്‍ വിറ്റുപോകുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ഇത് പ്രധാനമായും എത്തുന്നത്. മുതിര്‍ന്നവരോ സുഹൃത്തുക്കളോ ഒക്കെയാണ് ഇവരെ പുകയിലപാതയിലേക്ക് നയിക്കുന്നത്. എല്ലാ വിഭാഗം ആളുകളിലും പുകയില ഉപഭോഗം വ്യാപകമാണെന്ന് പഠനങ്ങള്‍ പറയുന്നു.

പുകയില ഉപയോഗം മൂലമുള്ള രോഗങ്ങളും നൂറുശതമാനം വര്‍ദ്ധിച്ചു. കാന്‍സര്‍ രോഗികളില്‍ 100 ശതമാനത്തോളമാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. പുകയില ഉപഭോക്താക്കളില്‍ 11.8 ശതമാനം പേര്‍ മാത്രമാണ് ഇത് അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിക്കുന്നത്. ശരാശരി മൂന്നു സിഗററ്റാണ് ഒരാളുടെ ഉപഭോഗം എന്നാണ് പഠനം കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരുവര്‍ഷം 10 ലക്ഷം ആളുകള്‍ പുകയിലജന്യ രോഗങ്ങള്‍കൊണ്ട് മരിക്കുന്നുവെന്നാണ് കണക്ക്. 2,020 ആകുമ്പോഴേക്കും ഇത് നാലിരട്ടിയാകും.