ദേവപ്രീതിക്കായി ബാലനെ കഴുത്തറുത്തു കൊന്ന മന്ത്രവാദിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
അന്ധവിശ്വാസങ്ങളുടെ പറുദീസയായ ഇന്ത്യയില്‍ നിന്നും വീണ്ടും ചോരയില്‍ മുങ്ങിയ ഒരു കഥ കൂടി. ദേവപ്രീതിക്കായി ബാലന്റെ കഴുത്തറുത്ത് കൊന്ന മന്ത്രവാദിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അസമിലെ സൊനിത്പൂര്‍ ജില്ലയിലെ താരാജുലിയിലുള്ള തെയിലത്തോട്ടത്തില്‍ വെച്ചാണ് സംഭവം.
മന്ത്രവാദിയായ നാനു മിര്ദയ തോട്ടത്തിന് സമീപമുള്ള ക്ഷേത്രത്തില്‍ വെച്ചാണ് ബാലന്റെ കഴുത്തറുത്തത്. തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയും നാട്ടുകാരും ബാലനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാലന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ദൃക്സാക്ഷികളായവരാണ് കൊലനടത്തിയത് മന്ത്രവാദിയാണെന്ന് വെളിപ്പെടുത്തിയത്. ബാലന്റെ അരുംകൊലയില്‍ കോപാകുലരായ നാട്ടുകാര്‍ മന്ത്രവാദിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രസ്തുത സംഭവം അസം നിയമസഭയയെ വരെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പലതവണ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.