യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത് ഭരണഘടനാവിരുദ്ധമായ ശക്തികൾ; ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് ഭരണഘടനയനുസരിച്ച് മാത്രം-മോദി

single-img
28 May 2015

narendra-modi5_apന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത് ഭരണഘടനാവിരുദ്ധമായ ശക്തിയായിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് ഭരണഘടനയനുസരിച്ച് മാത്രമാണെന്നും സോണിയയെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

സര്‍ക്കാറെന്നത് ഒരൊറ്റ വ്യക്തിയാണെന്നും എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റിനകത്ത് പിടിവാശിയോടെ അഹന്തകാട്ടുകയാണെന്ന് സോണിയ പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെപേരിലാണ്, പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി സോണിയക്കെതിരെ ആഞ്ഞടിച്ചത്.

മുമ്പ് യഥാര്‍ഥത്തില്‍ അധികാരം കൈയാളിയിരുന്ന ഭരണഘടനാബാഹ്യമായ അധികാരികളെയാവും അവര്‍ ഉദ്ദേശിച്ചതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മോദിയുടെ മറുപടി. ഭരണഘടനാനുസൃതമായാണ് ഇപ്പോള്‍ അധികാരമുപയോഗിക്കുന്നത്. അതിനപ്പുറമുള്ള അധികാരികളെ കേള്‍ക്കുന്നില്ലെന്നാണ് ആരോപണമെങ്കില്‍ ആ കുറ്റമേല്‍ക്കാന്‍ താന്‍ തയ്യാറാണ് -മോദി പറഞ്ഞു.

പി.എം.ഒ.യില്‍ അധികാരം കേന്ദ്രീകരിക്കുകയാണെന്ന വിമര്‍ശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ”ഭരണഘനാപരമായി അധികാരമുള്ളയാള്‍ക്കുമുകളിലിരുന്ന് അധികാരം പ്രയോഗിക്കുന്നവര്‍ പി.എം.ഒയ്ക്കു മുകളില്‍ കാര്യങ്ങളെ നിയന്ത്രിച്ചിരുന്ന കാലത്തായിരുന്നു ഈ ചോദ്യം ചോദിക്കേണ്ടിയിരുന്നത്” എന്നായിരുന്നു മറുപടി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഭരണഘടനയുടെ ഭാഗമാണ് അതിനു വെളിയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ഇനിയും ദഹിക്കാഞ്ഞിട്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനെ ‘സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍’ എന്നുവിളിക്കുന്നത്. ചെയ്തതും ചെയ്യാത്തതുമായ എല്ലാവിധ പാപങ്ങള്‍ക്കും ജനം അവരെ ശിക്ഷിച്ചുകഴിഞ്ഞു. ഇതില്‍നിന്ന് അവര്‍ പഠിക്കുമെന്ന് തങ്ങള്‍ കരുതി. എന്നാല്‍,  പുരോഗതിയുടെ വിപരീതമാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു.

അതിനിടെ, മോദിസര്‍ക്കാറിന്റെ സാമ്പത്തികവികസന അവകാശവാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി അധികംവൈകാതെ മോദി കൂടിക്കാഴ്ചനടത്തി. മന്‍മോഹന്‍ സിങ്ങിന്റെ 7-ആര്‍.സി.ആറിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മോദിതന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ”ഡോ. മന്‍മോഹന്‍ സിങ്ങിനെ കണാനായതില്‍ വളരെ സന്തോഷിക്കുന്നു… വളരെനല്ല കൂടിക്കാഴ്ചയായിരുന്നു അത്” എന്നായിരുന്നു മോദിയുടെ ട്വീറ്റ്.