കതിരൂർ മനോജ് കൊലക്കേസ്; പി.ജയരാജനെ സി.ബി.ഐ ചോദ്യംചെയ്യും

single-img
28 May 2015

3587484081_pjayarajanകണ്ണൂര്‍:   കതിരൂർ മനോജ് കൊലക്കേസില്‍ സി.പി.എം  ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ. തീരുമാനിച്ചു. ഇതിനായി അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ ജയരാജന് നോട്ടീസ് നല്കി. ജൂണ്‍ രണ്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്.

മനോജ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചനയാണ് സി.ബി.ഐ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. കൊലപാതകത്തില്‍ പങ്കാളിയായവരെ പ്രതിയാക്കി ആദ്യകുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. ജയരാജന്റെ വിശ്വസ്തനായ വിക്രമനടക്കം 18 പ്രതികളാണ് ഇതിലുണ്ടായിരുന്നത്. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ഇതില്‍ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച സി.പി.എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറിയിപ്പ് കൈമാറിയത്. എന്നാല്‍, പി.ജയരാജന്‍ ഓഫീസിലില്ലാത്തതിനാല്‍ നേരിട്ട് നോട്ടീസ് കൈമാറാനായില്ല.

സി.ബി.ഐയുടെ ചോദ്യംചെയ്യലില്‍ ജയരാജനെ അക്രമിച്ചതിലുള്ള പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യംകുറ്റപത്രത്തിലും പറയുന്നുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്തവരും പാര്‍ട്ടി ബന്ധമുള്ളവരാണ്. ഇതാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചത്.