വാര്‍ത്താ തലക്കെട്ടില്‍ മാത്രമായി ഒതുങ്ങുകയാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനം:രാഹുല്‍ഗാന്ധി

single-img
27 May 2015

download (1)കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളില്‍ ജനത ഉഴലുമ്പോള്‍ 10 ലക്ഷംരൂപ വിലവരുന്ന കോട്ട് ധരിച്ച് ഫാഷന്‍ ഐക്കണ്‍ ആവുന്ന പ്രധാനമന്ത്രി പാവങ്ങളോടുള്ള സമീപനമെന്താണെന്ന് വ്യക്തമാക്കണം എന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി .

 
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന യുവജനറാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും മറന്ന് കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വഞ്ചിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമം പോലും അട്ടിമറിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രണ്ടോ മൂന്നോ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിക്കുന്ന ബില്‍ കൊണ്ടുവരുന്നത് രാജ്യത്തെ ഏറ്റവുംവലിയ അഴിമതിയാണ്. തിരഞ്ഞെടുപ്പു കാലത്ത് പണം നല്‍കിയ ചില കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി ഇത് ചെയ്യുന്നത്.അഴിമതിയെക്കുറിച്ച് പറയുന്ന മോദി കോണ്‍ഗ്രസ് കൊണ്ടുവന്ന വിവരാവകാശകമ്മീഷനിലും വിജിലന്‍സ് കമ്മീഷനിലും കമ്മീഷണര്‍മാരെ വെക്കുന്നില്ല. ഇതുവരെ ഈ സ്ഥാപനങ്ങള്‍ക്ക് തലവന്‍മാരെ വെച്ചിട്ടില്ല.

വാര്‍ത്താ തലക്കെട്ടില്‍ മാത്രമായി ഒതുങ്ങുകയാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനം. ഇങ്ങനെപോയാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ അഞ്ചാംവാര്‍ഷികം ആഘോഷിക്കാന്‍ മോദിയെ അനുവദിക്കില്ല- രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി എം.പി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍ എന്നിവര്‍ സംസാരിച്ചു.