ജേക്കബ്ബ് ജോബിനായി ചരടുവലികള്‍, സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

single-img
27 May 2015

nisam-01തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തൃശൂര്‍ മുന്‍ കമ്മീഷ്ണര്‍ ജേക്കബ്ബ് ജോബിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കംനടക്കുന്നതായി ആരോപണം. ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ജേക്കബ്ബ് ജോബ് വഴിവിട്ടു സഹായിച്ചു എന്ന് തൃശൂര്‍ റേഞ്ച് ഐജി കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെയെല്ലാം അവഗണിച്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹത്തെ തിരിച്ചടുക്കാനാണ് ഇപ്പോള്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ആരോപണവിധേയനായ ജേക്കബ്ബ് ജോബ് നിസാമിനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും സസ്‌പെന്‍ഷനിലിരിക്കെ തന്നെ ഡിഐജിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിരുന്നതായും ആരോപണമുണ്ട്.
അതേസമയം ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. സര്‍ക്കാരും ജേക്കബ്ബ് ജോബിനെതിരെയുള്ള അന്വേഷണത്തില്‍ വിട്ടുവീഴ്ച ചെയ്‌തെന്നാണ് ആരോപണം. കഴിഞ്ഞ ഫെബ്രുവരി 26നാണ് ജേക്കബ്ബ് ജോബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.