സാഹസിക തുഴച്ചിലിന്റെ പേരില്‍ അനാശാസ്യം; ഗംഗാ നദിയിലെ സാഹസിക തുഴച്ചില്‍ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിക്ഷത്ത്

single-img
27 May 2015

riftingഡെറാഡൂണ്‍: ഗംഗാ നദിയിലെ സാഹസിക തുഴച്ചില്‍ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിക്ഷത്ത്. ഗംഗാ നദിക്കരയില്‍ സാഹസിക തുഴച്ചിലിന്റെ പേരില്‍ അശ്ലീല പ്രവൃത്തികളാണ് നടക്കുന്നതെന്ന് വിഎച്ച്പി ആരോപിക്കുന്നു. ഹരിദ്വാറില്‍ നടന്ന വിഎച്ച്പി ദേശീയ ഉപദേശക സമിതി യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രതിവര്‍ഷം നാല് ലക്ഷം സാഹസിക വിനോദസഞ്ചാരികള്‍ ഋഷികേശ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സാഹസിക തുഴച്ചില്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും പ്രതിവര്‍ഷം 5,000 രൂപയാണ് വിനോദസഞ്ചാര വകുപ്പ് ഈടാക്കുന്നത്. ഈ വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍ പ്രതിവര്‍ഷം 16 ലക്ഷം രൂപയെത്തുന്നു.

ഫാക്ടറികളില്‍ നിന്നും മാലിന്യം ഗംഗയില്‍ തള്ളുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട വിഎച്ച്പി നദീശുചീകരണത്തിന് പദ്ധതി തയ്യാറാക്കിയ മോഡി സര്‍ക്കാരിനെ അഭിനന്ദിച്ചു.

കന്നുകാലികളുടെ എണ്ണം കുറയുന്നതിലുള്ള ആശങ്ക ചൂണ്ടിക്കാണിച്ച് ഗോവധനിരോധനം രാജ്യത്തെമ്പാടും നടപ്പിലാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.  അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തിരക്കുപിടിക്കേണ്ടെന്ന് അനുയായികളോട് വിഎച്ച്പി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മോഡി സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും പറഞ്ഞു.