മോദി സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ ഭരണം കൊണ്ട് നേട്ടമുണ്ടായെന്നത് പൊളളയായ അവകാശവാദം; യുപിഎയുടെ സാമ്പത്തികനയങ്ങളുടെ കാര്‍ബണ്‍ കോപ്പിയാണ് മെയ്ക്ക് ഇന്ത്യ പദ്ധതി- മന്‍മോഹന്‍ സിങ്

single-img
27 May 2015

India's Prime Minister Manmohan Singh gestures in New Delhiന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ ഭരണം കൊണ്ട് നേട്ടങ്ങളുണ്ടായെന്ന അവകാശവാദം പൊളളയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യുപിഎസര്‍ക്കാരിന്റെ പദ്ധതികള്‍ മോദി സര്‍ക്കാര്‍ അതേപടി തുടരുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പൊതുപദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വീഴ്ച്ച മറച്ചുവെയ്ക്കാനാണ് തനിക്കും യുപിഎ സര്‍ക്കാരിനുമെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഡല്‍ഹിയില്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ രണ്ടുദിവസത്തെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികരംഗം പാടേ തകര്‍ന്നു. കയറ്റുമതി വര്‍ധിച്ചില്ല. പുതുതായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളുടെ കാര്‍ബണ്‍ കോപ്പിയാണ് മെയ്ക്ക് ഇന്ത്യ പദ്ധതി.

ലോകത്ത് സാമ്പത്തിക വളര്‍ച്ചയുളള രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയത് യുപിഎ സര്‍ക്കാരാണ്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ യുവാക്കള്‍ അടക്കമുളള സമൂഹം നിരാശയിലാണെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നപ്പോള്‍ മന്‍മോഹന്‍ സിങ് മൗനം പാലിക്കുകയായിരുന്നുവെന്ന് അമിത്ഷാ തിരിച്ചടിച്ചു