‘മദ്രസ്സകള്‍ സ്വവര്‍ഗ്ഗരതി നടമാടുന്ന സ്ഥലം’- അലിഗഡ് മുസ്ലീം സര്‍വകലാശാല പ്രൊഫസറുടെ പരാമര്‍ശം വിവാദമാകുന്നു

single-img
27 May 2015

waseem-rajaഅലിഗഡ്: മദ്രസ്സകള്‍ സ്വവര്‍ഗ്ഗാനുരാഗികളുടെയും ദുര്‍മാര്‍ഗ്ഗങ്ങളുടേയും കേന്ദ്രങ്ങളാണെന്ന് അലിഗഡ് മുസ്ലീം സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസറുടെ പരാമര്‍ശം വിവാദമാകുന്നു. പ്രൊഫസര്‍ക്കെതിരെ സര്‍വകലാശാല ക്യാംപസില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.പ്രമുഖ ടെലിവിഷന്‍ ചാനലിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് പ്രൊഫസര്‍ വസീം രാജ മദ്രസ്സകള്‍ക്കെതിരെ രംഗത്തെത്തിയത്.

‘മൗലവികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്’,രാജ്യത്തെ മദ്രസ്സകള്‍ നിരോധിച്ചാല്‍ മാത്രമേ മുസ്ലീം യുവാക്കള്‍ക്ക് നല്ല ഭാവിയുണ്ടാകൂ. മദ്രസ്സകള്‍ ഇല്ലാതാക്കുകയാണ് തങ്ങളുടെ ആവശ്യം. സ്വവര്‍ഗ്ഗരതി നടമാടുന്ന സ്ഥലമാണത്. മൗലവിമാരും അതിന്റെ ഭാഗമാണ്.’ – വാട്‌സ്ആപ്പ് സന്ദേശത്തില്‍ വസീം രാജ പറയുന്നു.

ഇതസമയം വാട്‌സ്ആപ്പ് സന്ദേശം നിഷേധിച്ച് വസീം രാജ രംഗത്തെത്തി. മദ്രസ്സകള്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തനാണ് താന്‍ എല്ലായ്‌പ്പോഴും സംസാരിച്ചിട്ടുള്ളത്. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നും അതിനാല്‍ ചാറ്റ് ഗ്രൂപ്പ് ബ്ലോക്ക് ചെയ്‌തെന്നും വസീം രാജ പറഞ്ഞു.

എന്നാല്‍ വസീം രാജയ്‌ക്കെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തി. പ്രൊഫസര്‍ക്ക് അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മദ്രസ്സകളെ അറിവില്ലായ്മ മൂലം തെറ്റായി ചിത്രീകരിക്കരുത്. പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിക്കണമെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

ഇതേസമയം പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണോ എന്ന കാര്യം വൈസ് ചാന്‍സലര്‍ തീരുമാനിക്കുമെന്ന് അലിഗഡ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.