സുഗമമായി പൂര്‍ത്തിയാക്കാന്‍ കേരളം അവസരമൊരുക്കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് ഗെയ് ലിന്റെ മുന്നറിയിപ്പ്

single-img
27 May 2015

gailപാലക്കാട്: സുഗമമായി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കിയില്ലെങ്കില്‍ കേരളത്തിലെ പദ്ധതിയില്‍നിന്ന് എന്നന്നേക്കുമായി പിന്മാറുമെന്ന് ഗെയ് ലിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന സ്ഥലസര്‍വേക്കിടെ നാട്ടുകാരുടെ പ്രതിഷേധം അറസ്റ്റുവരെയെത്തിയ സാഹചര്യത്തിലാണ് ഗെയ്ല്‍ അധികൃതര്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാല്‍മാത്രമേ പൈപ്പ്‌ലൈനിടുന്നതിനായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കൂവെന്നും ഗെയ്ല്‍ അധികൃതര്‍ തീരുമാനിച്ചു.

മുമ്പ് കേരളത്തില്‍ സ്ഥലമേറ്റെടുപ്പിന് എതിര്‍പ്പുണ്ടാകില്ലെന്ന വിശ്വാസത്തില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് ഗെയ്ല്‍ സ്വകാര്യകമ്പനിക്ക് ടെന്‍ഡര്‍ ഉറപ്പിച്ചിരുന്നു. സ്ഥലമേറ്റെടുപ്പിലെ എതിര്‍പ്പും സര്‍ക്കാരിന്റെ സഹായമില്ലായ്മയുംകാരണം 505 കിലോമീറ്റര്‍ പൈപ്പിടുന്ന പദ്ധതിയില്‍ 52 കിലോമീറ്റര്‍മാത്രമാണ് കമ്പനിക്ക് പൂര്‍ത്തിയാക്കാനായത്. ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ടെക്ട്രോ എന്ന കമ്പനിക്കായിരുന്നു കരാര്‍. 2012മുതല്‍ ഒന്നരവര്‍ഷം പ്രവര്‍ത്തിച്ചിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത് ഗെയ് ലിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകാരണമാണ്.

അതിനാൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കമ്പനി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ സ്ഥലം ഏറ്റെടുത്തുനല്‍കാതെ ഗെയ്ല്‍ വഞ്ചിച്ചെന്നാണ് ഹര്‍ജിയിലുള്ളത്. കേസിപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലാണ്. കോടികളാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാനാണ് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയശേഷംമാത്രമേ പൈപ്പിടലിനായി ടെന്‍ഡര്‍ ക്ഷണിക്കൂവെന്ന് ഗെയ്ല്‍ അറിയിച്ചിരിക്കുന്നത്.

മുമ്പ് സ്ഥലം സര്‍വേനടത്തലും ഏറ്റെടുക്കലും ഗെയ് ലിന്റെ ചുമതലയായിരുന്നു. ഇതിനെതിരെ ദേശവാസികള്‍ എത്തിയതോടെയാണ് ഏറ്റെടുപ്പിന് സര്‍ക്കാര്‍ തയ്യാറായത്. പദ്ധതിമേഖലയില്‍ അപകടസാധ്യതയുണ്ടെന്ന ഭീതിയാണ് പ്രതിഷേധത്തിന് കാരണമെന്ന് പറയപ്പെടുന്നു. കേരളത്തില്‍ 505 കിലോമീറ്ററിലുള്ള കൊച്ചി-കൂറ്റനാട്-ബെംഗളൂരു-മാംഗളൂരു പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ സുരക്ഷയ്ക്കായി 19 ഇടങ്ങളില്‍ 31 സുരക്ഷാസ്റ്റേഷനുകള്‍ സ്ഥാപിക്കും.