എട്ടാം ക്ലാസ് വരെ കുട്ടികളെ തോല്‍പ്പിക്കരുതെന്ന് ഹൈക്കോടതി

single-img
26 May 2015

school-keralaഎട്ടാം ക്ലാസ് വരെ പഠന നിലവാരം കുറഞ്ഞുവെന്ന പേരില്‍ കുട്ടികളെ തോല്‍പ്പിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശം. സിബിഎസ്ഇ പാഠ്യക്രമമുള്ള എറണാകുളം തേവയ്ക്കല്‍ വിദ്യോദയ സ്‌കൂള്‍ തന്റെ മകന് ആറാം ക്ലാസില്‍നിന്ന് ഏഴാം ക്ലാസിലേക്കു സ്ഥാനക്കയറ്റം നല്‍കാത്തതിനെ ചോദ്യംചെയ്തു പെരുമ്പാവൂര്‍ സ്വദേശിനിയായ അമ്മ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ പ്രസ്തുത നിര്‍മദ്ദശം നല്‍കിയത്.

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശത്തിന്റെ ഭാഗമായി 2009ലെ കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ചു നിര്‍ബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ഒരു കുട്ടി അംഗീകൃത സ്‌കൂളില്‍ പ്രവേശനം നേടിക്കഴിഞ്ഞാല്‍ 14 വയസുവരെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ തടസമില്ലാതെ കടന്നുപോകണമെന്നു കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ 13, 16, 17 സെക്ഷനുകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും മകാടതി ചൂണ്ടിക്കാണിച്ചു.

14 വയസാകുമ്പോഴേക്കും കുട്ടി എട്ടാം ക്ലാസിലെത്തണം. കുട്ടിക്ക് ഉയര്‍ന്ന ക്ലാസിലേക്കു പോകാനുള്ള നിലവാരമില്ലെന്നു കണെ്ടത്തിയാല്‍ അതു സ്‌കൂളിന്റെ പരിശീലനത്തിലെ പോരായ്മയാണു കാണിക്കുന്നത്. നിലവാരമില്ലെന്ന പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കു കുട്ടികളെ ഒരു ക്ലാസിലും തടഞ്ഞുവയ്ക്കാനാവില്ല. ഇതിന്റെ പേരില്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം തടസപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരിയുടെ മകന് ഏഴാം ക്ലാസിലേക്കു സ്ഥാനക്കയറ്റം നല്‍കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.