മുംബൈ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത പാരച്യൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി

single-img
25 May 2015

parachutesമുംബൈ: അഞ്ച് അജ്ഞാത പാരച്യൂട്ടുകള്‍ മുംബൈ വിമാനത്താവളത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച്ച വൈകുന്നേരം ജെറ്റ് എയര്‍വേയ്‌സിന്റെ അഹമ്മദാബാദ് ഫ്ലൈറ്റ് പറന്നുപൊങ്ങാനിരിക്കെയാണ് സംഭവം. ഇവ ശ്രദ്ധയില്‍പെട്ടതോടെ പൈലറ്റ് ടേക്ക് ഓഫ് ഉപേക്ഷിച്ചു. അജ്ഞാത പാരച്യൂട്ടുകളെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇവ കണ്ടെത്താനായില്ല.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റണ്‍വെയ്ക്ക് സമീപം ആകാശത്ത് പാരച്യൂട്ടുകള്‍ക്ക് സമാനമായ അഞ്ച് വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടത്. ഇവ കണ്ട ജെറ്റ് എയര്‍വേയ്‌സ് പൈലറ്റ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുകയും വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും ചെയ്തു. പാരച്യൂട്ടുകള്‍ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്നതാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ ഏജന്‍സികളെ വിവരമറിയിച്ചു.

എന്നാൽ ജുഹു ബീച്ചിന് സമീപമാണ് മുംബൈ എയര്‍പോര്‍ട്ട്. വാരാന്ത്യങ്ങളില്‍ ജുഹു ബീച്ചില്‍ ചൈനീസ് ശരറാന്തലുകള്‍ വില്‍ക്കാറുണ്ട്. കാറ്റിന്റെ ഗതി മാറിയപ്പോള്‍ ഇവ എയര്‍പോര്‍ട്ടിന്റെ റണ്‍വെയ്ക്ക് മുകളിലെത്തിയതാകാമെന്നും പൊലീസ് കരുതുന്നു. ഓറഞ്ച് നിറത്തിലുള്ള ഇവ പാരാഗ്ലൈഡേഴ്‌സാണെന്ന് പൈലറ്റ് തെറ്റിദ്ധരിച്ചതാകാമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.