ഡിജെ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് കണ്ടെത്തിയ കേസ്; റഷ്യന്‍ സംഗീതജ്ഞനൊഴികെ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു

single-img
25 May 2015

cocaineകൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ പിടിയിലായ റഷ്യന്‍ സംഗീതജ്ഞനൊഴികെ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിലെ  ഡിജെ പാര്‍ട്ടിക്കിടയിലെ ലഹരിമരുന്ന് ഉപയോഗം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിന്റെ തുടരന്വേഷണവും പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രമുഖ റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവ്‌സ്‌കിയടക്കം ഏഴു പേരെയാണ് പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടയില്‍ ലഹരിമരുന്നുപയോഗിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ മൂന്നു പേരെ മണിക്കൂറുകള്‍ക്കകം സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചിരുന്നു. സൈക്കോവ്‌സ്‌കിയടക്കം മറ്റ് നാലു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുളള കേസുകള്‍ ചുമത്തി.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജരാക്കിയപ്പോഴാണ് പൊലീസിന് തിരിച്ചടി നേരിട്ടത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പൊലീസ് വാദം. എന്നാല്‍ അറസ്റ്റിലായവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസിനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.  ഒരു ലക്ഷം രൂപയുടെ ബോണ്ടിന്റെയും രണ്ടാളുകളുടെയും ജാമ്യത്തിലാണ് മുഖ്യപ്രതികളെ മോചിപ്പിച്ചത്.

ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ സൈക്കോവ്‌സ്‌കിക്ക് കഴിയാതെ വന്നതോടെയാണ് ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടത്. മുഖ്യപ്രതികളടക്കം അറസ്റ്റിലായ ആറു പേര്‍ക്കും ജാമ്യം ലഭിച്ചതോടെ കേസിന്റെ തുടരന്വേഷണവും പ്രതിസന്ധിയിലായി. കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിച്ചെന്ന ആരോപണവും ഇതോടകം ഉയര്‍ന്നിട്ടുണ്ട്.