അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

single-img
25 May 2015

policecapഇടുക്കി: അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. പരുക്കേറ്റ കട്ടപ്പന സ്വദേശി സോജന്‍ പി. തോമസിനെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന ഡിവൈ. എസ്. പി ഓഫീസിലെ എസ്.ഐ രഘുവരന്‍ മര്‍ദിച്ചതായാണ് പരാതി.

ഞായറാഴ്ച വൈകിട്ട് ആറരയോടെ കട്ടപ്പന വലിയകണ്ടത്താണ് സംഭവം. വെള്ളയാംകുടി സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ പോയി സഹോദരനൊപ്പം കാറില്‍ മടങ്ങുകയായിരുന്നു സോജന്‍. തൊവരയാര്‍വലിയകണ്ടം ജംഗ്ഷനില്‍വച്ച് ഇവരുടെ കാറിനെ മറികടന്ന ബൈക്ക് യാത്രികന്‍ എതിര്‍ദിശയില്‍നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചു വീണു.

സോജന്റെ വാഹനം നിര്‍ത്തി ബൈക്ക് യാത്രികരെ രക്ഷിക്കാന്‍ ശ്രമിച്ചു. സാരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കാന്‍ ഇവരുടെ കാറില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ സ്ഥലത്തെത്തിയ എസ്.ഐ അസഭ്യം വിളിച്ച് സോജനെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നതായി പറയപ്പെടുന്നു. അപകടസ്ഥലത്തിന് സമീപം താമസിക്കുന്നയാളാണ് എസ്.ഐ.