മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ആദ്യദിവസം ജയലളിത തുറന്നത് 201 അമ്മ കാന്റീനുകള്‍

single-img
25 May 2015

hotelചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുഖ്തയാക്കിയതിന് ശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജയലളിത ആദ്യദിനം തന്നെ തുറന്നത് 201 അമ്മ കാന്റീനുകള്‍. ഉദ്ഘാടനം കര്‍മ്മം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് നിര്‍വഹിച്ചത്.

ഞായറാഴ്ച മൂന്ന് മണിയോടെ സെക്രട്ടേറിയറ്റിലെത്തിയ ജയലളിത ഒരു മണിക്കൂറിനുള്ളില്‍ 1,800 കോടിരൂപയുടെ സാമൂഹികക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികള്‍, സ്ത്രീകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങള്‍ക്ക് സഹായധനം തുടങ്ങിയ അഞ്ച് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു തുടക്കം.

800 കോടി രൂപ ചെലവില്‍ 3,500 കിലോമീറ്റര്‍ ദൂരംവരുന്ന റോഡ് നവീകരിക്കും. ടൗണ്‍പഞ്ചായത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രത്യേക ഭവന നിര്‍മാണ പദ്ധതിയും ജയലളിത പ്രഖ്യാപിച്ചു. കൂടാതെ ആധുനിക ജലശുദ്ധീകരണ നിലയങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സ്ഥാപിക്കുമെന്നും അറിയിച്ചു. ഓലമേഞ്ഞതും ഓടിട്ടതുമായ വീടുകള്‍ക്ക് കോണ്‍ക്രീറ്റ് ചെയ്യാനും മുകളില്‍ സൗരോര്‍ജ ഉത്പാദനത്തിനുമായി സര്‍ക്കാര്‍ 2.10 ലക്ഷം രൂപയുടെ സഹായം നല്‍കും.