മാണിയും ബാബുവും കുറ്റക്കാരല്ല; ബാര്‍കോഴകേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി

ബാര്‍ കോഴക്കേസുകളില്‍ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ കുറ്റക്കാരല്ലെന്നും മന്ത്രിമാര്‍ കോഴ വാങ്ങിയതിനു തെളിവുകളില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് നിയമോപദേഷ്ടാക്കള്‍ക്കു സമര്‍പ്പിക്കാന്‍ എസ്.പി: ആര്‍. സുകേശന്‍ ഡയറക്ടറുടെ അനുമതി തേടിയിരിക്കുകയാണ്.
മന്ത്രി മാണി, നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ഉടമകള്‍ മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തന്‍ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി കഴിഞ്ഞദിവസം നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാല്‍, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോര്‍ട്ട് തെളിവായി അംഗീകരിക്കാനാകില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്.
മന്ത്രി ബാബു എക്‌സൈസ് ലൈസന്‍സുകള്‍ പുതുക്കാന്‍ 10 കോടി രൂപ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാല്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി ബാബുവിന്റെ ഓഫീസില്‍ എത്തിച്ച കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അതിനുശേഷം ഈ പണം മന്ത്രിയുടെ കാറില്‍ കൊണ്ടുചെച്ചെന്നും ബിജു രമേശ് മൊഴി നല്‍കി. എന്നാല്‍ ഈ ആരോപണത്തിനും തെളിവില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.