ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടിന് മുന്നിൽ പഞ്ചാബ് വീണു

single-img
7 May 2015

Pepsi IPL 2015 - M40 RCB v KXIPബെംഗലൂരു:  ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്തോടെ  പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 138 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ബാംഗ്ലൂരിന്റെ 226 റണ്‍സിനെതിരെ പഞ്ചാബ് 13.3 ഓവറില്‍ 88 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ (57 പന്തില്‍ 117), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (30 പന്തില്‍ 32), എബി ഡിവില്ല്യേഴ്‌സ് (24 പന്തില്‍ 47) എന്നിവരാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്.

മറുപടി നൽകാൻ ഇറങ്ങിയ പഞ്ചാബ് ബാറ്റിങ് നിരയെ നാല് വിക്കറ്റ് വീതമെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ശ്രീനാഥ് അരവിന്ദുമാണ്  തകര്‍ത്തത്. സ്റ്റാര്‍ക്ക് 15 റണ്‍ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അരവിന്ദ് 27 റണ്‍സ് വിട്ടുകൊടുത്താണ് ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. ഹര്‍ഷല്‍ പട്ടേലും യുസ്വീന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പഞ്ചാബ് നിരയില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 21 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സുമടിച്ച അക്‌സര്‍ കളിയവസാനിക്കുമ്പോള്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.