ജലപദ്ധതികള്‍ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ആത്മഹത്യാ ഭീഷണി

single-img
5 May 2015

a-suicideതൃശൂര്‍:  ജലപദ്ധതികള്‍ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആത്മഹത്യാ ഭീഷണി മുഴക്കി. കോലഴി ഗ്രാമപഞ്ചായത്തില്‍ ഒമ്പത് വര്‍ഷമായി കമ്മിഷന്‍ ചെയ്യാതെ കിടക്കുന്ന ജലപദ്ധതികള്‍ കമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വൈസ് പ്രസിഡണ്ട് എന്‍.എ സാബു പടുകൂറ്റന്‍ ടാങ്കിന് മുകളില്‍ കയറിയ കഴുത്തില്‍ കുരുക്കിട്ട് താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്

ടാങ്ക് കമ്മിഷന്‍ ചെയ്യുന്ന തീയതി രണ്ട് മണിക്കുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് സാബു ആവശ്യപെട്ടത്. ചിന്മയ ഗാര്‍ഡനിലെ ജലസംഭരണിക്ക് മുന്നില്‍ നിരവധിപേര്‍ തടിച്ചുകൂടി. ഉന്നത പോലീസ് അഗ്നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാബുവുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സമരത്തില്‍ പിന്‍വാങ്ങില്ലെന്ന ഉറച്ചനിലപാടിലായിരുന്നു സാബു.

പി.എ മാധവന്‍ എം.എല്‍.എ സ്ഥലത്തെത്തിയതോടെയാണ് സമരത്തിന് വഴിതിരിവുണ്ടായത്. എം.എല്‍.എ മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ടാങ്ക് കമ്മീഷന്‍ ചെയ്യാന്‍ മന്ത്രി ഉറപ്പ് നല്‍കി. ഇതോടെയാണ് സമരം അവസാനിപ്പിച്ച സാബുവിനെ പോലീസ് അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ പിടിച്ചിറക്കിയത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സമരം നടത്തിയതെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക്തിരെയുള്ള താക്കീതാണിതെന്നും സാബു പറഞ്ഞു.