തന്നെയും കൂടെയുള്ളവരേയും കേരളാ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കിയില്ലെങ്കില്‍ മാണിയെ പുറത്താക്കുമെന്ന് പി.സി ജോര്‍ജ്

single-img
7 April 2015

pc-george-media.jpg.image.576.432ഈരാറ്റുപേട്ട: തന്നെയും കൂടെയുള്ളവരേയും കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ മാണിയെ പുറത്താക്കുമെന്ന് പി.സി ജോര്‍ജ്. ഒരു മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെയുള്ളു കേരളാ കോണ്‍ഗ്രസ് എമ്മില്‍. കേരളാ കോണ്‍ഗ്രസില്‍ നിന്നും പി.സി ജോര്‍ജിനെയും കൂടെയുള്ള മെമ്പര്‍മാരെയും പുറത്താക്കിയെന്ന പ്രസ്താവനയോടെ പ്രശ്‌നങ്ങള്‍ തീരും. തന്നെ പുറത്താക്കിയില്ലെങ്കില്‍ മാണിയെ താന്‍ പുറത്താക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഇതിനായി 2000 പേരുള്ള കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി തിരുനക്കര മൈതാനത്ത് നടത്തും. അതില്‍ 600 പേര്‍മാത്രമാണ് മാണിയുടേതായി ഉള്ളത്. ഇവരില്‍ പലരും തന്റെയൊപ്പം നില്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സരിത ജയിലില്‍ വെച്ച് ഏഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സരിതയുടെ കൈപ്പടയില്‍ തന്നെയാണ് ഈ കത്ത്. തന്റെ വീട്ടിലെത്തിയാണ് സരിത കത്ത് നല്‍കിയത്.

ജോസ് കെ മാണിയെക്കുറിച്ച് കത്തില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണം. കേരളാ ഡിജിപിയെ തനിക്ക് വിശ്വാസമില്ലെന്നും തന്നെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് കത്ത് പുറത്തുവിട്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഉന്നതനായ യുഡിഎഫ് നേതാവിന്റെ സമീപത്തുനില്‍ക്കുമ്പോഴാണ് അയാള്‍ കത്ത് പുറത്തുവിട്ടകാര്യം ഫോണില്‍ അറിയിച്ചത്. ഇക്കാര്യം അപ്പോള്‍ തന്നെ യുഡിഎഫ് നേതാവിനെ നേരിട്ട് കേള്‍പിക്കാനും തനിക്കായെന്ന് ജോര്‍ജ് അവകാശപ്പെട്ടു.

സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേരുള്ളതായി മാണിയെ അറിയിച്ചിരുന്നു. മാണിക്ക് തന്നോട് വിരോധമുണ്ടാകാന്‍ കാരണം അതാകാം. ജോസ് കെ മാണി ‘ അപ്പന്റെ മകന്‍’ തന്നെയാണ്. താന്‍ചെയ്ത കുറ്റമെന്താണെന്ന് മാണി വെളിപ്പെടുത്തണം.

മാണി ആദ്യകാലം മുതലേ ബജറ്റ് വില്‍പന നടത്തിയിട്ടുണ്ട്. താന്‍ ഇല്ലായിരുന്നെങ്കില്‍ മാണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റുപോയിരുന്നേനെ. മുന്‍ പാലാമെമ്പറെന്ന് മാണിയെ ജനം വിളിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. അടുത്ത തിരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കുമെന്നും ജോര്‍ജ് വസതിയില്‍ വിളിച്ചുചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.