കത്തുകള്‍ക്ക് മറുപടിയില്ല, സാന്താക്ലോസിനും പറയാനുണ്ട് സാമ്പത്തിക പരാധീനതയുടെ കഥ

single-img
6 April 2015

santa-claus_650x400_51428138617ക്രിസ്തുമസ് കഴിഞ്ഞ് മാസം നാലായി. പക്ഷേ ആഘോഷത്തിന് നിറപ്പകിട്ടേകുന്ന സാന്താക്ലോസിനെ നമുക്ക് മറക്കാന്‍ കഴിയുമോ. ഒരുക്കലുമില്ല. കൈനിറയെ സമ്മാനങ്ങളുമായി തങ്ങളെ കാണാനെത്തുന്ന സാന്താക്ലോസിനെ കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. സാന്താക്ലോസിന് കത്ത് അയക്കുന്ന കുട്ടികള്‍ ലോകത്തിന്റെ വിവിധ ഭാഗത്തിലുണ്ട്. ഫിന്‍ലാന്‍ഡിലെ സാന്താക്ലോസിന്റെ വിലാസത്തിലാണ് ഇവര്‍ കത്തുകള്‍ അയയ്ക്കുക. കൃത്യമായ മറുപടിയും സാന്താക്ലോസ് എന്ന സാങ്കല്‍പ്പിക കഥാപാത്രം കുട്ടികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പല കുട്ടികള്‍ക്ക് മറുപടി ലഭിക്കുന്നില്ല എന്ന് പറയുന്നു. സാമ്പത്തിക പരാധീനത തന്നെ കാരണം. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തോളം പേരാണ് സാന്താക്ലോസിന് കത്തുകള്‍ അയച്ചത്. എന്നാല്‍ പതിനായിരത്തിനടുത്ത് പേര്‍ക്ക് മാത്രമാണ് സാന്താ മറുപടി കത്ത് അയച്ചു കൊടുത്തത്.

ലഭിക്കുന്ന കത്തുകള്‍ക്കെല്ലാം മറുപടി അയക്കാനുള്ള സാമ്പത്തികവും ജീവനക്കാരും ഫിന്‍ലഡിലെ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഇപ്പോഴില്ല. ലഭിക്കുന്ന മറുപടി കത്തിലും മാറ്റമുണ്ടായതായി സാന്തയുടെ ആരാധകരായ കുട്ടികള്‍ പറയുന്നു. ഇംഗ്ലീഷില്‍ മാത്രമാണ് ഇപ്പോള്‍ മറുപടി കത്ത് ലഭിക്കുന്നത്. പണ്ട് മറ്റു ഭാഷകളിലും സാന്ത മറുപടി അയയ്ക്കുമായിരുന്നു. എന്തായാലും സാന്തയുടെ മറുപടി കിട്ടാതെ നിരാശരായ കുട്ടികളെ ഫിന്‍ലാന്‍ഡ് സര്‍ക്കാറിന് കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല. ചെറിയ സാമ്പത്തിക സഹായം പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.