മുംബൈയിൽ നിർമ്മിച്ച ഇന്ത്യൻ നാവിക സേനയുടെ മുങ്ങിക്കപ്പൽ നീറ്റിലിറക്കി

single-img
6 April 2015

scorpene-submarineമുംബൈ: മുംബൈയിൽ നിർമ്മിച്ച ഇന്ത്യൻ നാവിക സേനയുടെ മുങ്ങിക്കപ്പൽ നീറ്റിലിറക്കി. ഫ്രാൻസിൽ രൂപകൽപ്പന ചെയ്ത ആറ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തെതാണ് ഇത്. ഇന്ത്യൻ നാവിക സേനയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഏറെ ആധുനിക സജ്ജീകരണങ്ങളുളള ഈ മുങ്ങിക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.

ഒട്ടേറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് മുങ്ങിക്കപ്പൽ നീറ്റിലിറക്കിയത്. വൈദ്യുതിയിലും ഡീസലിലും പ്രവർത്തിക്കും എന്നതാണ് മസഗോൺ ഡോക്കിൽ നിർമ്മിച്ച ഇതിന്റെ പ്രധാന പ്രത്യേകത. 23000 കോടി രൂപയുടെ ചെലവാണ് ആറ് മുങ്ങിക്കപ്പലുകൾക്കും കൂടി പ്രതീക്ഷിക്കുന്നത്. പുറത്തിറക്കിയ മുങ്ങിക്കപ്പലിന് ഏകദേശം 5000 കോടി രൂപ ചെലവായി.

2018 ഓടെ ഇത് ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകും. എല്ലാ ഒമ്പത് മാസം കൂടുമ്പോഴും ഓരോ മുങ്ങിക്കപ്പൽ വീതം പുറത്തിറക്കാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി മനോഹർ പരീക്കർ പറഞ്ഞു.

ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ നാവിക സേനയ്ക്ക് കാലഹരണപ്പെട്ട കപ്പലുകൾ മാത്രമാണുളളത്. 30 വർഷത്തെ പഴക്കമുളള എല്ലാ മുങ്ങിക്കപ്പലുകളും പിൻവലിക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സ്വയം നിർമ്മിത മുങ്ങിക്കപ്പലായ ഐഎൻഎസ് അരിഹന്ത് ആണവ മിസൈലുകൾ വഹിച്ചുളള സമുദ്ര പരീക്ഷണങ്ങൾക്ക് ഈ മാസം തുടക്കമിടും. 2016 ഓടെ അരിഹന്തും സേനയുടെ ഭാഗമാകും.