കോല്‍ഹാപ്പൂരിലെ ഫാബ് ഇന്ത്യയുടെ ട്രയൽ റൂമിലും ഒളിക്യാമറ

single-img
6 April 2015

pencameraകോല്‍ഹാപ്പൂര്‍:  പ്രമുഖ വസ്ത്ര വിതരണ ബ്രാന്‍ഡായ ഫാബ് ഇന്ത്യയുടെ കോല്‍ഹാപ്പൂരിലെ ട്രയൽ റൂമിൽ ഒളിക്യാമറ കണ്ടെത്തി. ട്രയൽ റൂമില്‍ നിന്നും വസ്ത്രം മാറുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഔട്ട്‌ലെറ്റ് ജീവനക്കാരൻ പിടിയിലായി. ഭര്‍ത്താവിനൊപ്പം വസ്ത്രം വാങ്ങാനെത്തിയ യുവതി ഡ്രസിംഗ് റൂമില്‍ കയറി കുറച്ച് കഴിഞ്ഞപ്പോഴാണ് ഡ്രസിംഗ് റൂമിലെ കണ്ണാടിയിലൂടെ ഒരാള്‍ മൊബൈലുമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ തന്നെ  ഭര്‍ത്താവിനെ വിവരംഅറിയിച്ചു. തുടര്‍ന്ന് ജീവനക്കാരനെ ചോദ്യം ചെയ്‌തെങ്കിലും അയാള്‍ വിസമ്മതിച്ചു. എന്നാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാരന്‍ തന്റെ കയ്യിലെ മൊബൈല്‍ഫോണ്‍ യുവതിയുടെ ഭര്‍ത്താവിനു നല്‍കി.

മൊബൈല്‍ ഫോണില്‍ യുവതി വസ്ത്രം മാറുന്ന രംഗങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും സ്ഥാപനത്തിലുള്ളവര്‍ അത് ഗൗരവമായെടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല സ്ഥാപനത്തില്‍ വനിതാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നും യുവതിയും ഭര്‍ത്താവും ആരോപിച്ചു. സിസടിവി രംഗങ്ങള്‍ കാണണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അരമണിക്കൂറിന് ശേഷമാണ് സ്ഥാപനം അതിന് തയ്യാറായതെന്നും ഇവര്‍ പറയുന്നു.

സംഭവം സത്യമാണെന്ന് ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായെങ്കിലും ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല ജീവനക്കാരനെതിരെ കേസ് കൊടുക്കരുതെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസം ഗോവയിലെ കാന്‍ഡോലിമിലെ ഫാബ് ഇന്ത്യ ഔട്ട്‌ലെറ്റില്‍ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ പിടികൂടിയിരുന്നു. ഇതിനെതിരെ മന്ത്രി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ശനിയാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.