കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനര്‍ജീവിപ്പിക്കാന്‍ പി.സി ജോര്‍ജ് ഒരുങ്ങുന്നു

single-img
6 April 2015

27-1427443488-pc-georgeകോട്ടയം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനര്‍ജീവിപ്പിക്കാന്‍ യുഡിഎഫ് അനുവദിക്കണമെന്നു ചീഫ് വിപ്പ് പി.സി ജോര്‍ജ്. തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്താക്കാന്‍ യുഡിഎഫ് ഉന്നതാധികാര സമിതിക്കു മാത്രമേ കഴിയൂവെന്ന് ജോര്‍ജ് അഭിപ്രായപ്പെട്ടു. യുഡിഎഫ് സംസ്ഥാന സമിതിയില്‍ എല്ലാ ഘടകകക്ഷികളും ഇതിനോടു യോജിച്ചാല്‍ മാത്രമേ പുറത്താക്കല്‍ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണി അനുവദിച്ചു തന്നതല്ല ചീഫ് വിപ്പ് സ്ഥാനം.  ഭരണഘടന ഇല്ലാത്ത പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനു തന്നെ പുറത്താക്കാന്‍ യാതൊരു നിയമസാധുതയുമില്ല. കേരള കോണ്‍ഗ്രസ് മാണി, ജോസഫ്, സെക്കുലര്‍ വിഭാഗങ്ങളുടെ കോണ്‍ഫെഡറേഷനാണ് നിലവിലുള്ള കേരള കോണ്‍ഗ്രസ്. മൂന്നു പാര്‍ട്ടിയിലേതുംകൂടി രണ്ടായിരം പേര്‍ ഉള്‍പ്പെടുന്ന സംസ്ഥാന കമ്മിറ്റിയാണ് ഈ പാര്‍ട്ടിക്കുള്ളത്. രണ്ടായിരം പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റി ഒരുമിച്ചുകൂടി ഏകകണ്ഠമായി തീരുമാനിച്ചാല്‍ മാത്രമേ പുറത്താക്കല്‍ നടപടി ഉണ്ടാവൂ.

കഴിഞ്ഞ മാസം 21-ന് കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തന്നെ പുറത്താക്കണമെന്ന് ഒരാള്‍പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും ജോർജ് പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തെക്കുറിച്ച് മറ്റു ചിലര്‍ക്ക് എതിര്‍പ്പുണ്ടായാല്‍ ആ കുടുംബത്തില്‍തന്നെയാണു പ്രശ്‌നം തീര്‍ക്കേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഭാര്യയ്ക്കു ഭര്‍ത്താവിനെക്കുറിച്ചു പരാതിയുണെ്ടങ്കില്‍ അയല്‍പക്കത്തെ ചേട്ടനല്ല പ്രശ്‌നം പരിഹരിച്ചുകൊടുക്കേണ്ടത്. പ്രശ്‌നം വീട്ടില്‍തന്നെയാണ് പരിഹരിക്കേണ്ടതെന്നും ജോർജ് പരിഹസിച്ചു.