ഒരിക്കൽ ജനങ്ങള്‍ക്ക് ആ കൊട്ടാരത്തിന്റെ മതിലില്‍ പോലും നോക്കാന്‍ പേടിച്ചിരുന്നു; ഇന്ന് അവിടെ ജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം; മുഅമ്മര്‍ ഗദ്ദാഫിയുടെ കൊട്ടാരം ലിബിയയിലെ ഏറ്റവും വലിയ ചവറുകൂനയായി മാറി

single-img
6 April 2015

gaddhafi-palaceട്രിപ്പോളി: മുൻ ലിബിയൻ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി താമസിച്ചിരുന്ന കൊട്ടാരം ഇന്ന് മാലിന്യം തള്ളുന്ന സ്ഥലമായി മാറി. ഒരിക്കൽ ജനങ്ങള്‍ക്ക് ആ കൊട്ടാരത്തിന്റെ മതിലില്‍ നോക്കാന്‍പോലും പേടിയായിരുന്നു. ഇന്ന് ആ കൊട്ടാരത്തിന്റെ അടിവാരം പോലും ഇളക്കി മാറ്റിയ നിലയിലാണ്.

ബാബുല്‍ അസീസിയ എന്ന കൊട്ടാരത്തിന് ഇന്നു പ്രതാപത്തിന്റെ കണികപോലുമില്ല. കൊട്ടാരത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട്. കല്ലുകളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. ഒരു സ്ഥലത്ത് ആളുകള്‍ മാലിന്യം തള്ളുന്നു, മറ്റൊരു ഭാഗത്തു കച്ചവടക്കാര്‍ പലവിധ കച്ചവടങ്ങള്‍ നടത്തുന്നു. മുഅമ്മര്‍ ഗദ്ദാഫി നാലു പതിറ്റാണ്ടിലേറെ താമസിച്ചു രാജ്യം ഭരിച്ച കൊട്ടാരത്തിന്റെ അവസ്ഥയാണിത്.

1969 സെപ്റ്റംബര്‍ ഒന്നിനു ഇദ്രിസ് രാജാവില്‍നിന്ന് അധികാരം പിടിച്ചെടുത്ത്  ലിബിയയുടെ ഭരണത്തലവനായ ഗദ്ദാഫി 2011 ഓഗസ്റ്റ് 23 വരെ രാഷ്ട്രത്തലവനായിരുന്നു.  2011ല്‍ നടന്ന അറബ് വസന്തത്തിന്റെ പ്രതിഷേധക്കൊടുങ്കാറ്റിലാണ് ഗദ്ദാഫി അധികാരഭ്രംഷ്ടനാക്കപ്പെട്ടത്. വിമതരെ നാറ്റോ സൈന്യം സഹായിച്ചതോടെ ഗദ്ദാഫിക്കു പിടിച്ചുനില്‍ക്കാനായില്ല. ഗദ്ദാഫി കൊല്ലപ്പെട്ടതോടെ വിമതര്‍ കൊട്ടാരവളപ്പിലെ പല കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു.

കൊട്ടാരവളപ്പും അതിനോടു ചേര്‍ന്ന പട്ടാള ബാരക്കുകളും ആറു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു നിലനിന്നിരുന്നത്. ഇദ്രിസ് രാജാവിൽ നിന്നു ഗദ്ദാഫി അധികാരം പിടിച്ചെടുത്തതോടെ കൊട്ടാരം ഗദ്ദാഫിയുടെ അധീനതയിലായി. നാലു മീറ്റര്‍ ഉയരത്തിലുള്ള മൂന്നു മതിലുകള്‍ കടന്നാലേ കൊട്ടാരത്തില്‍ എത്താനാവുമായിരുന്നുള്ളൂ.