പി.സി ജോര്‍ജിന്റെ വിധി ഇന്നറിയാം

single-img
6 April 2015

27-1427443488-pc-georgeതിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി. ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും.  ഈയാവശ്യമുന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) കത്ത് നല്‍കിയിരുന്നു. കെഎം മാണിയും ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണിത്. വിഷയത്തില്‍ തിങ്കളാഴ്‌ച തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ജോര്‍ജും മാണിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

യു.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് നല്‍കിയ സ്ഥാനങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികളുടെ താത്പര്യപ്രകാരം തീരുമാനമെടുക്കുന്നതാണ് മുന്നണി മര്യാദയെന്ന നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുമെന്നതിനുള്ള സൂചനയാണിതെന്ന് പറയപ്പെടുന്നു.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കേരളകോണ്‍ഗ്രസ് എമ്മിന് ഉദ്ദേശ്യമില്ല. സ്വയം പുറത്തുപോകട്ടെയെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. കൂറുമാറ്റനിരോധനനിയമത്തിന്റെ കുരുക്കില്‍ ജോര്‍ജിനെ പെടുത്തുകയാണ് ലക്ഷ്യം. പഴയ കേരളകോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ജോര്‍ജിന്റെ ആവശ്യം.

താന്‍ കേരളാ കോണ്‍ഗ്രസ് (എം) ആണ്, പാര്‍ട്ടി വിടാന്‍ ഉദ്ദേശവുമില്ല. തന്നെ ഇഷ്ടമില്ലെങ്കില്‍ കെഎം മാണി കേരളാ കോണ്‍ഗ്രസ് വിട്ട് പൊയ്ക്കോട്ടെ എന്ന നിലപാടിലുമാണ് പിസി ജോര്‍ജ്. ഭരണഘടനയില്ലാത്ത ഒരു കോണ്‍ഫെഡറേഷന്‍ ആയി തീര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പാര്‍ട്ടിയല്ല. ഈ സാഹചര്യത്തില്‍ മാണിക്ക് തന്നെ പുറത്താക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പാര്‍ട്ടി വിട്ടാല്‍ ജോര്‍ജിനെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് കെ.എം മാണിയുടെ ആവശ്യം. ചെറിയശിക്ഷ ഏറ്റുവാങ്ങി ജോര്‍ജ് പാര്‍ട്ടിയില്‍ത്തന്നെ തുടര്‍ന്നോട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്തു തീരുമാനം എടുത്താലും മാണിയും ജോര്‍ജും വഴിപിരിയുകയാണെന്ന് ഉറപ്പായി.