സംസ്ഥാനത്ത് നടന്നത് ബാര്‍ നിരോധനമാണെന്ന് വെള്ളാപ്പള്ളി

single-img
5 April 2015

vellapallyസംസ്ഥാനത്തു നടന്നതു മദ്യ നിരോധനമല്ല, ബാര്‍ നിരോധനമാണെന്നന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഖജനാവിന്റെ നല്ലൊരു ശതമാനവും ചോര്‍ത്തിക്കൊണ്ടുപോകുന്നത് സംഘടിത മതശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ നിരോധിച്ചിട്ടു സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ നിലനിര്‍ത്തിയാല്‍ മദ്യനിരോധനമാകില്ല. കള്ളന്മാര്‍ തമ്മിലുള്ള പങ്കുവയ്പിന്റെ കഥകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും മൈലച്ചല്‍ശാഖയുടെ സില്‍വര്‍ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന ശ്രീനാരായണ ധര്‍മപ്രചാരണ സമ്മേളനവും, സില്‍വര്‍ജൂബിലി ഹാളും ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളും രാഷ്ട്രീയ അധികാരങ്ങളും ആനുകൂല്യങ്ങളും സമ്പത്തും പങ്കിടുമ്പോള്‍ സാമൂഹികനീതി നടപ്പാക്കാന്‍ എല്ലാവരും തയാറായാല്‍ ജാതിചിന്ത ഉണ്ടാകില്ലെന്നും എന്നാല്‍ ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജാതിവിവേചനം ഇല്ലാതായല്‍ മാത്രമെ ജാതിചിന്ത ഉണ്ടാകാതിരിക്കുകയുള്ളൂ. ജാതി ജന്മം കൊണ്ടുകിട്ടുന്നതാണ്. നിയമപ്രകാരം ജാതി നിലനില്‍ക്കുന്നതു കാരണം ജാതി പറയുകയും ചിന്തിക്കുകയും വേണം. പക്ഷേ ജാതിയുടെ പേരില്‍ വിദ്വേഷം അരുത്. അദ്ദേഹം സൂചിപ്പിച്ചു.