ഏപ്രിൽ പതിനാല് മുതൽ എയർ ഇന്ത്യ ജീവനക്കാർക്ക് പുതിയ യൂണിഫോം

single-img
4 April 2015

air-indiaന്യൂഡൽഹി: എയർ ഇന്ത്യയിലെ ജീവനക്കാർ ഏപ്രിൽ പതിനാല് മുതൽ പുതിയ യൂണിഫോമിലെത്തണമെന്ന് അധികൃതർ . കഴിഞ്ഞ മാസം മുതലാണ് യൂണിഫോം പരിഷ്‌ക്കരണം നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നത്. തയ്യൽ കൂലിയെ ചൊല്ലി ഉയർന്ന വിവാദങ്ങളാണ് യൂണിഫോം പരിഷ്‌ക്കരണം വൈകിപ്പിച്ചത്. നേരത്തെ പുതിയ യൂണിഫോം തയ്ക്കാനായി എയർ ഇന്ത്യ അനുവദിച്ച പണം മതിയാകില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. മഞ്ഞയും തവിട്ടും കലർന്നതാണ് എയർ ഇന്ത്യയുടെ പുതിയ യൂണിഫോം.

കൂടാതെ പുതിയ യൂണിഫോമിന്റെ ഗുണമേൻമയെക്കുറിച്ചും ജീവനക്കാർക്ക് പരാതിയുണ്ട്. പല എയർലൈനുകളും ജീവനക്കാർക്ക് എക്‌സിക്യൂട്ടീവ് ഛായ പകരുന്നു. എന്നാൽ എയർ ഇന്ത്യ തങ്ങളുടെ ജീവനക്കാരെ വസ്ത്രത്തിലൂടെ തരംതാഴ്ത്തുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു. യൂണിഫോം പരിഷ്‌ക്കരണം സംബന്ധിച്ച സർക്കുലർ ഇറക്കിയെങ്കിലും തയ്യൽകൂലിയിനത്തിൽ എത്ര രൂപ ജീവനക്കാർക്ക് അനുവദിക്കുമെന്ന് ഇനിയും കമ്പനി വ്യക്തമാക്കിയിട്ടില്ല.

വസന്തകാലത്തിന് തുടക്കമാകുന്ന ഏപ്രിൽ പതിനാലിന് തന്നെ യൂണിഫോം പരിഷ്‌ക്കരണം വന്നത് തികച്ചും യാദൃശ്ചികമാണെന്നും സർക്കുലർ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ആഘോഷങ്ങളാണ് ഈ സമയത്ത് നടക്കുക. കേരളത്തിൽ വിഷുവും വടക്കേ ഇന്ത്യയിലും മറ്റും ബൈശാഖിയുമാണ് പ്രധാന ആഘോഷങ്ങൾ. ഈ ആഘോഷങ്ങളിലെല്ലാം നിറയുന്നതും മഞ്ഞ നിറമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.