ദു:ഖവെള്ളി ദിവസം ജഡ്ജിമാരുടെ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് ജസ്റ്റിസ് കുര്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു; ജഡ്ജിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ താൻ പങ്കെടുക്കില്ല- ജസ്റ്റിസ് കുര്യന്‍

single-img
4 April 2015

justisന്യൂഡല്‍ഹി: ദു:ഖവെള്ളി ദിവസം ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ഹൈക്കോടതി ജഡ്ജിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ചീഫ് ജസ്റ്റിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജഡ്ജിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്നും ജസ്റ്റിസ് കുര്യന്‍ കത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിനാണ് ജസ്റ്റിസ് കുര്യന്‍ ഈ കത്തയച്ചത്.

ദീപാവലി, ഹോളി, ഈദ്, ബക്രീദ് തുടങ്ങിയ മതപരമായ ചടങ്ങുകള്‍ നടക്കുന്ന ദിവസം ഇന്ത്യയില്‍ അവധിയാണ്. ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട യോഗങ്ങളൊന്നും നടക്കാറില്ല. മഹത്തായ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ട ജൂതര്‍ക്കും സൗരാഷ്ടര്‍ക്കുമെല്ലാം അഭയം നല്‍കിയതാണ് നമ്മുടെ പാരമ്പര്യം. അക്കാലത്തെ ഹിന്ദു ഭരണാധികാരികള്‍ ഇവരെ സ്വീകരിക്കുകയും ഇവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈയൊരു പാരമ്പര്യമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം. മതേതരത്വത്തിന്റെ അടിസ്ഥാന പ്രമാണവും ഇതുതന്നെയാണ്.  മത സഹിഷ്ണുതയല്ല, എല്ലാ മതങ്ങളെയും തുല്ല്യമായി കാണുന്നതാണ് നമ്മുടെ മതേതര പാരമ്പര്യം. മതപരമായ അസഹിഷ്ണുതയും വര്‍ഗീയ കലാപങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇന്ത്യയുടെ മതേതര പാരമ്പര്യം കാത്തുസൂക്ഷിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകേണ്ടതുണ്ടെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍ഭടനെന്ന നിലയില്‍ പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ എല്ലാ മതങ്ങളുടെയും പുണ്യദിനങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എല്ലാ വിഭാഗം വിശ്വാസികള്‍ക്കും തുല്ല്യ പരിഗണന നൽകണം.

ഇക്കാര്യങ്ങളെല്ലാം താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ തന്നെ അതില്‍ നിന്ന് അകലുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഈയൊരു ആശങ്കയാണ് ചീഫ് ജസ്റ്റിസിന് അയച്ച തന്റെ കത്തിന്റെ അടിസ്ഥാനം.

ദു:ഖവെള്ളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പുണ്യദിനമാണ്. ഈ ദിവസം ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.

ദുഃഖവെള്ളി മുതല്‍ ഈസ്റ്റര്‍വരെയുള്ള മൂന്നു ദിവസങ്ങളില്‍ സമ്മേളനം വിളിച്ചതു ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുര്യന്‍ ജോസഫ് എഴുതിയ കത്ത് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു കഴിഞ്ഞ ദിവസം തള്ളിയിരുന്നു.