ഇൻകമിംഗ് കോൾ എടുത്ത സിപിഎം നേതാവിന് ബിജെപി പ്രാഥമിക അംഗത്വം

single-img
4 April 2015

Janardhan-Patiഭുവനേശ്വര്‍: ഇൻകമിംഗ് കോൾ എടുത്ത സിപിഎം നേതാവിന് ബിജെപി അംഗത്വം. ഒഡീഷയിലെ മുതിര്‍ന്ന സിപിഎം നേതാവ് ജനാര്‍ദ്ദനന്‍ പതിയ്ക്കാണ് ഇങ്ങോട്ട് വന്ന കോളിലൂടെ ബിജെപിയുടെ പ്രാഥമികാംഗത്വം ലഭിച്ചത്.  കഴിഞ്ഞ മാര്‍ച്ച് 22 ന് തനിക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചെന്നും ഫോണ്‍ എടുത്തപ്പോള്‍ താങ്കള്‍ക്ക് ബി.ജെ.പി പ്രാഥമിക അംഗത്വം ലഭിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ജനാര്‍ദ്ധന്‍ പതി പറയുന്നു.

ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിക്കുന്നതിലൂടെ അംഗത്വം നല്‍കുന്ന ക്യാമ്പെയിനാണ് ബിജെപി നടപ്പിലാക്കിയിരുന്നത്. ഈ ക്യാമ്പെയിനിലൂടെ ലോകത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കണക് വര്‍ധന്‍ സിങിന്റെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദമാണ് കേട്ടത്. കോള്‍ അവസാനിച്ച ശേഷം 1079741000 എന്ന അംഗത്വ നമ്പറോടു കൂടിയ സന്ദേശം ലഭിച്ചു. തുടര്‍ന്ന് അംഗത്വ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി പേരും വിലാസവും പിന്‍കോഡും മറ്റ് വിവരങ്ങളും അയക്കാനും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ജനാര്‍ദ്ധന്‍ പതി പറയുന്നു.

എന്നാല്‍ താന്‍ മിസ്ഡ് കോളോ മെസേജോ നല്‍കിയിട്ടില്ലെന്നും മാര്‍ച്ച് 22 ന് വൈകിട്ട് തനിക്ക് ലഭിച്ച ഇന്‍കമിങ് കോള്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും ജനാര്‍ദ്ദനന്‍ പതി വ്യക്തമാക്കി.

ബിജെപി അംഗത്വം അടിച്ചേല്‍പിക്കുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.  മിസ് കാള്‍ നല്‍കിയാല്‍ അംഗത്വം നല്‍കുന്ന ബി.ജെ.പിയുടെ പദ്ധതി സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് ഇരയായിരുന്നു. ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ചും ബി.ജെ.പി അംഗത്വം നല്‍കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.