ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു

single-img
4 April 2015

Nisamതൃശ്ശൂർ: ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷൽ പ്രോസിക്യൂട്ടർ എ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കിയത്.

സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ നിസാം അതിക്രൂരമായി മർദിച്ചും കാറിടിപ്പിച്ചും പരിക്കേൽപ്പിച്ചുകയായിരുന്നു. ഇതേത്തുടർന്ന് ചികിത്സയിലായിരുന്ന ചന്ദ്രബോസ് ഫെബ്രുവരി 16ന് മരണപ്പട്ടു.

ഫൊറൻസിക്, ശാസ്ത്രീയ പരിശോധനകളുമായി ബന്ധപ്പെട്ട് 32 രേഖകളാണ് പ്രോസിക്യൂഷൻ തയാറാക്കിയിരിക്കുന്നത്. ദൃക്‌സാക്ഷികളുടെ മൊഴി, ശാസ്ത്രീയ തെളിവുകൾ, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ എന്നിങ്ങനെ തെളിവുകൾ വേർതിരിച്ചാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. നിസാമിന്റെ ഭാര്യ ഉൾപ്പെടെ 108 സാക്ഷികളും 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് ഒമ്പതിനാണ് നിസാമിനെതിരെ അധികൃതർ കാപ്പ ചുമത്തുന്നത്. ദിവസങ്ങൾക്കുള്ളിൽ നിസാമിനെ കണ്ണൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മാർച്ച് 17നാണ് അഡ്വ. സി.പി. ഉദയഭാനുവിനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

നേരത്തെ നിസാമിനെതിരെയുള്ള കേസുകൾ ഉന്നതർ ഇടപെട്ട് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.