കേരളത്തിനനുവദിച്ച അരി, ഗോതമ്പ് വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

single-img
4 April 2015

supplyco_22082014കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ച അരി, ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചു. പ്രതിമാസത്തെ നിശ്ചിതവിഹിതത്തിനുപുറമെ അഡ്‌ഹോക് അലോട്ട്‌മെന്റായി നല്‍കിവന്ന 33,477 ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രം കുറച്ചത്. ഇതോടെ എ.പി.എല്‍ റേഷന്‍കാര്‍ഡുകാർക്ക് ഇപ്പോള്‍ ലഭിച്ചുവരുന്ന അരി പകുതിയായിക്കുറയും.

ഇതേത്തുടര്‍ന്ന് എ.പി.എല്‍., ബി.പി.എല്‍. കാര്‍ഡുടമകള്‍ക്കു നല്‍കേണ്ട വിഹിതം സംബന്ധിച്ച് സിവില്‍സപ്ലൈസ് കമ്മീഷണര്‍ കഴിഞ്ഞദിവസം പുതിയ ഉത്തരവിറക്കി. ആഴ്ചയില്‍ 10 കിലോ അരി ലഭിച്ചിരുന്ന എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഇനിയത് അഞ്ചുമുതല്‍ ആറുവരെ കിലോയായി കുറയും. ആഴ്ചയില്‍ 25 കിലോ അരി ലഭിച്ചിരുന്ന ബി.പി.എല്‍. കാര്‍ഡുടമകളുടെ വിഹിതത്തിലും കുറവുവരുത്തി.

കെ.വി.തോമസ് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന സമയത്ത് പ്രത്യേക താത്പര്യമെടുത്താണ് കേരളത്തിന് അഡ്‌ഹോക് അലോട്ട്‌മെന്‍റ് അനുവദിച്ചുവന്നത്. മാസങ്ങള്‍ക്കുമുമ്പ് കേരളത്തിനുള്ള മണ്ണെണ്ണവിഹിതവും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്ത് 62 ലക്ഷം എ.പി.എല്‍. കാര്‍ഡുടമകളുണ്ട്. അവരെയാണിത് ഏറ്റവും ബാധിക്കുന്നത്. ഈസ്റ്റര്‍പ്രമാണിച്ചു നല്‍കേണ്ട ഒരുകിലോ സ്‌പെഷ്യല്‍ പഞ്ചസാരയും ഇത്തവണ നല്‍കുന്നില്ല.

അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനെ കണ്ടിരുന്നു. എന്നാല്‍, മന്ത്രിസഭയുടെ അനുമതിയില്ലാതെ തനിക്ക് ഇക്കാര്യത്തില്‍ ഒന്നുംചെയ്യാന്‍കഴിയില്ലെന്ന മറുപടിയാണു ലഭിച്ചത്.