പാവപ്പെട്ടവരെ ഓർത്ത് ബാങ്ക് ജീവനക്കാരും കമ്പനി ഉദ്യോഗസ്ഥരും എല്‍പിജി സബ്‌സിഡി വേണ്ടെന്നു വയ്ക്കണം- പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
3 April 2015

modiമുംബൈ:  പാവപ്പെട്ടവരെ ഓർത്ത് ബാങ്ക് ജീവനക്കാരും കമ്പനി ഉദ്യോഗസ്ഥരും എല്‍പിജി സബ്‌സിഡി വേണ്ടെന്നു വയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഒരു കോടി ആളുകള്‍ സബ്‌സിഡി ഉപേക്ഷിച്ചാല്‍ അത്രയും ദരിദ്രര്‍ക്ക് സബ്‌സിഡി ആനുകൂല്യം നല്‍കാന്‍ കഴിയും’- റിസര്‍വ് ബാങ്കിന്റെ എണ്‍പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍പിജി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കാന്‍ സമ്പന്നരെ പ്രേരിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടിക്കും ഈയിടെ പ്രധാനമന്ത്രി തുടക്കമിട്ടിരുന്നു. രാജ്യത്ത് 15.3 കോടി എല്‍പിജി ഉപയോക്താക്കളാണ് ഉള്ളത്. മുഴുവന്‍ ജീവനക്കാരെയും സബ്‌സിഡി ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും. പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ വിഷയത്തില്‍ മുന്‍കൈയെടുക്കണം.

സബ്‌സിഡി ഒഴിവാക്കി സര്‍ക്കാരിനു നേട്ടമുണ്ടാക്കാനല്ല ഈ നിര്‍ദേശമെന്നും വിറകടുപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് എല്‍പിജി സൗകര്യം ലഭ്യമാക്കുന്നതിനാണെന്നും മോദി വ്യക്തമാക്കി.

സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടുകളില്‍ ലഭിക്കുന്ന സംവിധാനം തുടങ്ങിയപ്പോള്‍ തന്നെ ഒട്ടേറെപ്പേര്‍ സബ്‌സിഡി വേണ്ടെന്നു വച്ചിരുന്നു. ഈ ഇനത്തില്‍ 8,000 കോടി രൂപ സര്‍ക്കാരിനു ലാഭിക്കാനായി. സബ്‌സിഡി വേണ്ടെന്നു വയ്ക്കാന്‍ www.mylpg.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കാം.