ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി: പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പുറത്താകും

single-img
27 March 2015

aapആം ആദ്മി പാര്‍ട്ടിയിലെ സമാധാന ചര്‍ച്ചകള്‍ വീണ്ടും പൊളിഞ്ഞു. മാര്‍ച്ച് 28ന് നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചാ യോഗം തീരുമാനമാകാതെയാണ് പിരിഞ്ഞത്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും അരവിന്ദ് കെജ്‌രിവാളിനെ മാറ്റണമെന്ന് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെട്ടത്.

നാളെ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തോടെ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടിയില്‍നിന്നു പുറത്താകാന്‍ സാധ്യതയേറി. ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി രാഷ്ട്രീയകാര്യ സമിതി രണ്ടു തവണ യോഗം ചേര്‍ന്നു.

അതേസമയം കെജ്‌രിവാളിനെ മാറ്റണമെന്ന ആവശ്യം ഒരിക്കലും ഉയര്‍ത്തിയിട്ടില്ലെന്ന് യോഗത്തിന് ശേഷം യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതാക്കളുടെ കള്ള പ്രചരണങ്ങളില്‍ ദുഖിതരാണെന്നും ഇരുവരും പറഞ്ഞു.

പശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നിര്‍വാഹകസമിതിയില്‍ നിന്നു രാജിവയ്ക്കാതെ ദേശീയ കണ്‍വീനറായി തുടരാനാകില്ലെന്ന കേജ്‌രിവാളിന്റെ കടുംപിടിത്തമാണു പ്രശ്‌നപരിഹാരത്തിനു തടസ്സമെന്നു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടി ലോക്പാല്‍ അഡ്മിറല്‍ രാംദാസ് ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയെങ്കിലും കേജ്‌രിവാള്‍ വഴങ്ങിയില്ല.