അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 23 വര്‍ഷം;സിബിഐ അന്വേഷണം ഇപ്പോഴും തുടരുന്നു

single-img
27 March 2015

Sister-Abhayaസിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 23 വര്‍ഷം. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം പയസ്‌ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും തെളിവു നശിപ്പിച്ചവര്‍ക്കെതിരേ സിബിഐയുടെ തുടരന്വേഷണം ഇനിയും പൂര്‍ത്തിയായില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി മൂന്നു മാസത്തെ സമയം അനുവദിച്ച് 2013 ഡിസംബര്‍ 19ന് ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടിയില്ല.

സിസ്റ്റര്‍ അഭയ കൊലപാതകം നടന്നതിനു ശേഷം ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും കേസ് അന്വേഷിച്ചു. തുടര്‍ന്ന്, സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണെന്ന അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്ന് സി ബി ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

ഒരു കൊലക്കേസ് അന്വേഷണം 23 വർഷം കഴിഞ്ഞിട്ടും സിബിഐ തുടരുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണു. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് കേസില്‍ 2008 നവംബര്‍ 18നു സിബിഐ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ 2009 ജൂലൈ 17ന് സിബിഐ കുറ്റപത്രം നല്‍കി. എന്നാല്‍, തെളിവു നശിപ്പിച്ചവര്‍ക്കെതിരേ തുടരന്വേഷണം നടക്കുന്നതിനാല്‍ പ്രതികള്‍ക്കെതിരേയുള്ള തിരുവനന്തപുരം സിബിഐ കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.