ബാങ്ക്‌ കവര്‍ച്ചക്കിടെ യുവതി പോലീസ്‌ പിടിയിലായി

single-img
26 March 2015

handcuffsഗുരുവായൂര്‍: ബാങ്ക്‌ കവര്‍ച്ചക്കിടെ യുവതി പോലീസ്‌ പിടിയിലായി. ഗുരുവായൂര്‍ സ്വദേശിനി ഹരിത (18)യാണ്‌ പിടിയിലായത്‌. ചൊവ്വല്ലൂര്‍പ്പടി റോളക്‌സ് ബില്‍ഡിങ്ങിലുള്ള തൈക്കാട്‌ സര്‍വീസ്‌ സഹകരണ ബാങ്കിലാണ് യുവതി കവര്‍ച്ച ശ്രമം നടത്തിയത്.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ സംഭവം. ഒന്നാം നിലയിലുള്ള ബാങ്കിന്റെഇരുമ്പ്‌ വാതിലിന്റെ പൂട്ട്‌ യുവതി ഹാക്‌സോബ്ലേഡുപയോഗിച്ച്‌ അറുത്ത്‌ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്‌ദംകേട്ട്‌ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ പോലീസ്‌ സംഭവസ്‌ഥലത്തെത്തിയെങ്കിലും ജീപ്പിന്റെ ശബ്‌ദംകേട്ട്‌ യുവതി താഴേക്ക്‌ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണുപോയ മൊബൈല്‍ഫോണെടുക്കാന്‍ തിരികെയെത്തിയ സമയത്ത്‌ പോലീസ്‌ ഇവരെ പിടികൂടുകയായിരുന്നു.

ബാങ്കിന്‌ താഴെ വച്ചിരുന്ന സൈക്കിളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ബാങ്ക്‌ വാതിലിന്റെ പൂട്ട്‌ പൊളിക്കുന്നതിന്‌ മുന്‍പ്‌ ഇതിനടുത്തുള്ള സ്വകാര്യ ബീഡി കമ്പനിയുടെ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കടന്നിരുന്നെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. മാസങ്ങള്‍ക്കുമുന്‍പ്‌ ചൊവ്വല്ലൂര്‍പ്പടിയിലുള്ള മൊബൈല്‍ഷോപ്പ്‌ കുത്തിത്തുറന്ന്‌ പണവും സാധനങ്ങളും മോഷ്‌ടിച്ചിരുന്നു. അന്ന്‌ ഷോപ്പിനുമുന്നിലുള്ള നിരീക്ഷണ ക്യാമറകളില്‍ യുവതിയുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും വ്യക്‌തമല്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച നടത്തിയത്‌ താനാണെന്ന്‌ യുവതി പോലീസിനോട്‌ സമ്മതിച്ചു.