തടവുകാരെ കൈമാറാൻ ഇന്ത്യ-ഖത്തർ ധാരണ

single-img
26 March 2015

qatarന്യൂഡല്‍ഹി: തടവുകാരെ കൈമാറാൻ ഇന്ത്യ-ഖത്തർ ധാരണ. വിവര-സാങ്കേതിക വിദ്യയടക്കം ആറ് മേഖലകളിലും കരാറും ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു കരാര്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഖത്തറില്‍ തടവിലുള്ള ഇന്ത്യാ പൗരന്‍മാരെ ബാക്കിയുള്ള ശിക്ഷയനുഭവിക്കുന്നതിന് ഇന്ത്യക്ക് കൈമാറും.

വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയായി. അന്തരീക്ഷ, സമുദ്ര പഠന രംഗത്ത് സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടു. നയതന്ത്രരംഗത്ത് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ പങ്കിടുന്നതിനും ധാരണയായി. റേഡിയോ-ടെലിവിഷന്‍ രംഗത്തും സഹകരിക്കും.

അടിസ്ഥാന സൗകര്യ മേഖലയില്‍ ഇന്ത്യാ കമ്പനികള്‍ക്ക് ഖത്തറില്‍ കൂടുതല്‍ നിക്ഷേപത്തിന് അവസരങ്ങളൊരുക്കും. 2022-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നടക്കുന്ന സാഹചര്യത്തില്‍ വന്‍സാധ്യതകളാണ് ഇന്ത്യാ കമ്പനികള്‍ക്കുള്ളത്. പ്രതിരോധം, റെയില്‍വേ, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളാണ് ഇതിന് കൂടുതല്‍ സാധ്യത. ഏതെല്ലാം പദ്ധതികളാണ് നിക്ഷേപത്തിന് തുറന്നുകൊടുക്കേണ്ടതെന്ന് വേഗം തീരുമാനമെടുക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്ഘടനയില്‍ വിശ്വാസമാണുള്ളത്. വികസനത്തിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലും വിശ്വാസമുണ്ടെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പെട്രോളിയം മന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.