നിസാമുമായുള്ള ബന്ധം; ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

single-img
25 March 2015

balaതൃശൂര്‍:  ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വഴിവിട്ട രീതിയിൽ സഹായിച്ചെന്ന അരോപണത്തെ തുടർന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.  നിസാമിന്റെ സാമ്പത്തിക സ്വാധീനത്തിന് ഡിജിപി വഴങ്ങി എന്ന ആരോപണമാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മുഴുവന്‍ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടു.

മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്, തൃശൂര്‍ റേഞ്ച് ഐ.ജി സി.ജെ ജോസ്, ​പേരാമംഗലം സി.ഐ ബിജുകുമാര്‍ എന്നിവരടക്കം അടക്കം 11 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 25നകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചു.

ഡിജിപിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആയിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെ ജോര്‍ജ്ജ് തന്നെയാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വിട്ടത്. തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബും മുന്‍ഡിജിപി കൃഷ്ണ മൂര്‍ത്തിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമായിരുന്നു അന്ന് പുറത്ത് വിട്ടത്.

എന്നാല്‍ ഡി.ജി.പി സുബ്രഹ്മണ്യത്തെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി അന്ന് പറഞ്ഞിരുന്നു.